ആലുവ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ആലുവ നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു. കൊവിഡ് പോസിറ്റീവായി വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കും ക്വാറന്റെെനിൽ കഴിയുന്നവർക്കും അടിയന്തരഘട്ടങ്ങളിൽ നഗരസഭാ ചെലവിൽ ആംബുലൻസ് സൗകര്യമേർപ്പെടുത്തും.

കൊവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡേറ്റ എൻട്രി ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കും. നഗരസഭാ പരിധിയിലുള്ളവർക്ക് മൂന്നാംഘട്ട മാസ് വാക്‌സിനേഷൻ പ്രിയദർശിനി ടൗൺഹാളിൽ നടത്തും. ജെ.എച്ച്.ഐമാരുടെ നേതൃത്വത്തിൽ കൺേട്രാൾറൂം തുറക്കും. വാർഡുകളിൽ ജാഗ്രതാസമിതികൾ പുനരുജ്ജീവിപ്പിക്കും. ഇന്ന് വൈകിട്ട് നാലിന് എല്ലാവാർഡുകളിലും ആരോഗ്യജാഗ്രതാസമിതി ചേരും. മൈക്ക് അനൗൺസ്‌മെന്റിലൂടെയും സോഷ്യൽമീഡിയ വഴിയും കൊവിഡ് ജാഗ്രതെ നിർദ്ദേശങ്ങൾ പ്രചരിപ്പിക്കും. സിനിമാതിയേറ്ററുകളിൽ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രദർശിപ്പിക്കാൻ നിർദ്ദേശിക്കും. മാർക്കറ്റിൽ ബോധവത്കരണ ബോർഡ് സ്ഥാപിക്കും. എ.ടി.എം, സ്വൈപ്പിംഗ് മെഷീൻ തുടങ്ങിയവയ്ക്ക് സമീപം സാനിറ്റൈസറിന്റെ ലഭ്യത ഉറപ്പാക്കും.