തൃക്കാക്കര: ഗോവയിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സാനു മോഹൻ കാക്കനാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിനു മുമ്പാകെ മൊഴിനൽകി. ഇടതു കൈയിലെ ചെറിയ മുറിവിനെക്കുറിച്ച് ജഡ്ജി ചോദിച്ചപ്പോഴായിരുന്നു ഇത്. ആലുവ ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കു ശേഷമാണ് സാനുവിനെ ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കിയത്.
സാനു ഉപയോഗിച്ചിരുന്ന, ഭാര്യ രമ്യയുടെയും വൈഗയുടെയും മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിനും ഒളിവിൽപോയ രണ്ട് സംസ്ഥാനങ്ങളിൽ തെളിവെടുപ്പ് നടത്തുന്നതിനുമായി 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
ആദ്യഘട്ട തെളിവെടുപ്പിനുശേഷം വെെഗയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫൊറൻസിക് സർജൻ ഡോ.എ.കെ.ഉന്മേഷ്, കാക്കനാട് റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിലെ എക്‌സാമിനർ എന്നിവരുടെ സഹായത്തോടെ സാനു മോഹനെ ചോദ്യംചെയ്യും. വെെഗയുടെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണിത്.
തെളിവെടുപ്പ് ഇന്ന്
ഇന്ന് രാവിലെ കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ സാനു മോഹനുമായി പൊലീസ് തെളിവെടുപ്പ് നടത്തും.
ചുമത്തിയ കുറ്റങ്ങളും ശിക്ഷയും
• ഐ.പി.സി 302: കൊലപാതകം. (വധശിക്ഷ വരെ ലഭിക്കാം)
• ഐ.പി.സി 328: കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ വിഷം അടക്കമുളളവ നൽകൽ(10 വർഷംവരെ തടവും പിഴയും)
• ഐ.പി.സി 201: തെളിവ് നശിപ്പിക്കൽ (വധശിക്ഷ കിട്ടാവുന്നതാണെങ്കിൽ 7 വർഷംവരെ തടവും പിഴയും)
• ജുവനൈൽ ജസ്റ്റിസ് ആക്ട് 75: കുട്ടികളെ ആക്രമിക്കുക, ഉപദ്രവിക്കുക, അവഗണിക്കുക. അതിലൂടെ കുട്ടികൾക്ക് മാനസിക - ശാരീരിക സമ്മർദ്ദം ഏൽപ്പിക്കുക (മൂന്നു വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും)
• ജെ.ജെ ആക്ട് 77 : മദ്യം, പുകയില, ലഹരി വസ്തുക്കൾ എന്നിവ കുട്ടികൾക്ക് നൽകൽ (7 വർഷം വരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും)