post
ദേശീയപാതയിൽ തോട്ടക്കാട്ടുകരയിൽ കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറും വൈദ്യുതി പോസ്റ്റും പള്ളിപ്പടർപ്പുകൾ കയറിയ നിലയിൽ

ആലുവ: ദേശീയപാതയിൽ കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമർ സുരക്ഷിതവേലിയും വൈദ്യുതിപോസ്റ്റും വള്ളിപ്പടർപ്പുകൾ കയറി മൂടിയിട്ടും അധികാരികൾ കണ്ണുതുറക്കുന്നില്ലെന്ന് പരാതി. തോട്ടക്കാട്ടുകര സെക്ഷനിൽ തോട്ടക്കാട്ടുകര - പറവൂർ റോഡിലാണ് ട്രാൻസ്ഫോർമർ ഉൾപ്പെടെ കാടുപിടിച്ച് കിടക്കുന്നത്.

വേനൽ മഴയാരംഭിച്ചതോടെ പരിസരത്തെ വ്യാപാരികളും താമസക്കാരുമെല്ലാം ആശങ്കയിലാണ്. എപ്പോൾ വേണമെങ്കിലും അപകടമുണ്ടാകാവുന്ന അവസ്ഥയിലാണ്. മഴക്കാലം ആരംഭിക്കും മുമ്പേ സാധാരണ വൈദ്യുതി ലൈനുകളിലേക്ക് വീഴുവാൻ സാദ്ധ്യതയുള്ള മരച്ചില്ലകൾ കെ.എസ്.ഇ.ബി മുൻകൈയെടുത്ത് വെട്ടിമാറ്റാറുണ്ട്.

ഇത്രയേറെ അപകടകരമായ സാഹചര്യമുണ്ടായിട്ടും അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ നിന്നും 500 മീറ്റർ അകലെയാണ് ട്രാൻസ്ഫോർമറുകൾ കാടുകയറിയിരിക്കുന്നത്.