നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരനെ തട്ടികൊണ്ടുപോയെന്ന പരാതിയിൽ ദുരൂഹതകൾ. സംഭവത്തിന് സ്വർണക്കടത്ത് മാഫിയയുമായി ബന്ധമുണ്ടെന്നാണ് സൂചന. തട്ടികൊണ്ടുപോയെന്ന് പറയുന്ന യാത്രക്കാരന്റെ പരസ്പര വിരുദ്ധമായ മൊഴിയാണ് ദുരൂഹതക്ക് കാരണം.
ഷാർജയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ ഞായ്യറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30ന് നെടുമ്പാശേരിയിലെത്തിയ വടക്കാഞ്ചേരി സ്വദേശി താജു (30)വിനെയാണ് തട്ടിക്കൊപോയതായി പറയുന്നത്. ഇയാൾ വിമാനത്താവളത്തിൽ നിന്ന് പ്രീപെയ്ഡ് ടാക്‌സിയിൽ തൊട്ടടുത്തുള്ള പെട്രോൾ പമ്പിനടുത്ത് എത്തിയപ്പോൾ ഏതാനും വാഹനങ്ങൾ കുറുകെയിട്ട് ബലമായി ഇറക്കി അവരുടെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. പെരുമ്പാവൂരിലെ ഒരു ലോഡ്ജിൽ കണ്ടെത്തിയ ഇയാളെ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്ത് വിട്ടയിച്ചു. തട്ടിക്കൊണ്ടുപോകുവാൻ ഉപയോഗിച്ചുവെന്ന് പറയുന്ന രണ്ട് വാഹനങ്ങൾ പെരുമ്പാവൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി.
യാത്രക്കാരന്റെ മൊഴിയും വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്‌സി ഡ്രൈവറുടെ വെളിപ്പെടുത്തലും സി.സി ടി.വി ദൃശ്യങ്ങളും പൊരുത്തപ്പെടുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. യാത്രക്കാരൻ യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് വിമാനത്താവളത്തിന് പുറത്ത് നിന്നുവന്ന കാറിൽ കയറിയതെന്ന് പറയുന്നു. മണ്ണുത്തി സ്വദേശികളായ രണ്ട് സുഹൃത്തുക്കൾ പെരുമ്പാവൂർ വരെ പോകാമെന്ന് പറഞ്ഞപ്പോൾ അവരോടൊപ്പം കയറിയതാണെന്ന് താജു പൊലീസിനോട് പറഞ്ഞു. താജുവിന് പരാതിയില്ലെന്ന നിഗമനത്തിലാണ് ആളെ വിട്ടയച്ചതെന്ന് പൊലീസ് പറയുന്നു. കള്ളക്കടത്ത് സ്വർണ്ണം വിമാനത്താവളത്തിന് പുറത്ത് വന്നപ്പോൾ ബന്ധപ്പെട്ടവർക്ക് കൈമാറാതെ പ്രീപെയ്ഡ് ടാക്‌സിയിൽ കയറി പോകാൻ ശ്രമിച്ച യാത്രക്കാരനെ ബലമായി പിടിച്ചു കൊണ്ടുപോയി സ്വർണ്ണം കൈക്കലാക്കാൻ ശ്രമിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ് ഇടപ്പെട്ടത്. എന്നാൽ തട്ടികൊണ്ടു പോയവർക്ക് ആളുമാറി പോയതാണെന്നും പറയുന്നുണ്ട്.