viga-death

തൃക്കാക്കര: സാനു മോഹന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച്‌ അന്വേഷിക്കാൻ കൊച്ചി​ ഡി.സി.പി ഐശ്വര്യ ഡോംഗ്റെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മുംബയിലെത്തി‌.

മുംബയിൽ മൂന്നു കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. മഹാരാഷ്ട്ര പൊലീസ് ഇതി​ന് എഫ്.ഐ.ആർ രജി​സ്റ്റർ ചെയ്തി​ട്ടുണ്ടെന്ന് പൊലീസ് കമ്മി​ഷണർ വെളി​പ്പെടുത്തി​യി​രുന്നു.

ഒളി​വി​ൽ കഴി​യവേ കോയമ്പത്തൂരിൽ നിന്ന് മുംബയിലെ ചിലരെ ലാൻഡ് ഫോൺ ഉപയോഗിച്ച് സാനുമോഹൻ വിളിച്ചതി​നെക്കുറി​ച്ചും അന്വേഷി​ക്കുന്നുണ്ട്. ആയിരം മുതൽ ലക്ഷങ്ങൾ വരെ സാനു മോഹൻ കൊച്ചി​യി​ലെ പലരിൽ നിന്നും വാങ്ങിയിട്ടുണ്ടെങ്കിലും ആരും പരാതി നൽകിയിട്ടില്ല.


പണം ചൂതാട്ടത്തിന്

സാനു മോഹന് പണം നഷ്ടമായത് ചൂതാട്ടത്തിലൂടെയാണെന്ന് പൊലീസിന് സൂചന ലഭിച്ചു​. ഗോവയി​ലെ ഒളി​വാസത്തി​നി​ടെയും ചൂതാട്ടം നടത്തി​ കൈയി​ലുണ്ടായിരുന്ന പണം ചെലവഴി​ച്ചതായാണ് വെളി​പ്പെടുത്തൽ. മുമ്പും ഗോവയിൽ ചൂതാട്ട കേന്ദ്രങ്ങളിൽ പോകാറുണ്ടായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തി. ദിവസേന ആയിരത്തി​ലേറെ രൂപയുടെ ലോട്ടറി എടുക്കാറുള്ളയാളാണ് സാനു.

കാർ വി​റ്റത് മൂന്നു ലക്ഷത്തി​ന്

കോയമ്പത്തൂരി​ൽ സാനു ഭാര്യ രമ്യയുടെ പേരി​ലുള്ള ഫോക്സ് വാഗൺ​ അമി​യോ കാർ വി​റ്റത് മൂന്ന് ലക്ഷം രൂപയ്ക്കാണ്. അഡ്വാൻസ് ലഭി​ച്ച 50,000 രൂപയുമായാണ് അവി​ടെ നി​ന്ന് മടങ്ങി​യത്. ആർ.സി​ ബുക്കും മറ്റു കൈമാറ്റ രേഖകളും നൽകുമ്പോൾ ബാക്കി​ തുക നൽകാമെന്ന വ്യവസ്ഥയി​ലായി​രുന്നു കച്ചവടം.