viga-murder

സാനുവിനെ വിശദമായി ചോദ്യം ചെയ്യും; കൊലക്കുറ്റം ചുമത്തി

കൊച്ചി: സാനു മോഹൻ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെങ്കിലും അത് അന്വേഷണത്തെ ബാധിക്കില്ലെന്ന് സിറ്രി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വാർത്താസമ്മേളത്തിൽ പറഞ്ഞു. സാനു മോഹനെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തതായും അദ്ദേഹം വ്യക്തമാക്കി​.

വൈഗയെ കൈകൊണ്ട് മൂക്കും വായും പൊത്തി ശ്വാസംമുട്ടിച്ച് കൊല്ലാനാണ് ശ്രമിച്ചതെന്നായിരുന്നു ആദ്യമൊഴി. പിന്നീട് താഴെ കിടത്തി നെഞ്ചിൽ അമർത്തി കൊല്ലാൻ ശ്രമിച്ചെന്ന് മാറ്രി. കെട്ടിപ്പിടിച്ച് മുഖം നെഞ്ചിലമർത്തി ശ്വാസം മുട്ടിച്ചെന്നായി പിന്നീട്. 10 മിനിട്ടിനുള്ളിൽ 10 വിധത്തിലാണ് സാനു മൊഴി മാറ്രുന്നത്.

വൈഗയെ തോളിലിട്ട് കാറിൽ കയറ്റി മുട്ടാർ പുഴയുടെ തീരത്തെത്തിയതിന് തെളിവ് ലഭിച്ചിട്ടുണ്ട്. നിർണായക തെളിവുകളിൽ ഒന്നാണിത്. സാനു വാളയാർ കടക്കാനെടുത്ത സമയത്തിൽ സംശയമില്ല. പൊലീസ് ഇതു പരിശോധിച്ചിരുന്നുവെന്നും കമ്മി​ഷണർ പറഞ്ഞു.

മൂന്ന് സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് കൊല്ലൂരിലെത്തിയത്. ഇവി​ടങ്ങളിൽ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് സാനു പറയുന്നത്. ഇത് പൂർണമായും വി​ശ്വസി​ക്കാനാവി​ല്ല. കോയമ്പത്തൂരിൽ സാനുവിന്റെ കാർ വാങ്ങിയ ആളെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി. ഇയാൾക്ക് സാനുവുമായി ബന്ധമില്ല.

സാനുവും ഭാര്യ രമ്യയും തമ്മി​ൽ പ്രശ്നങ്ങൾ ഉണ്ടായി​രുന്നി​ല്ലെന്നാണ് മനസിലാക്കുന്നത്. സാഹചര്യത്തെളി​വുകളുടെയും സാനുവി​ന്റെ മൊഴി​യുടെയും അടി​സ്ഥാനത്തി​ലാണ് കേസെന്നും കമ്മിഷണർ പറഞ്ഞു. വാർത്താസമ്മേളത്തിൽ അസി.കമ്മിഷണർ കെ.പി. ഫിലിപ്പ്, തൃക്കാക്കര എ.സി.പി കെ.ശ്രീകുമാർ, തൃക്കാക്കര സി.ഐ കെ. ധനപാലൻ തുടങ്ങിയവരും പങ്കെടുത്തു.

സാനുവിനൊപ്പം ഭാര്യയെയും ചോദ്യം ചെയ്യും

വൈഗ കേസിലെ ദുരൂഹതകൾ നീക്കുന്നതി​ന്റെ ആദ്യപടിയായി സാനു മോഹനെയും ഭാര്യ രമ്യയെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യും. രമ്യയോടും ബന്ധുക്കളോടും ഇന്ന് കൊച്ചി കമ്മിഷണറുടെ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ആദ്യം രമ്യയെ ഒറ്റയ്ക്കും പിന്നീട് ഇരുവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യാനാണ് തീരുമാനമെന്നാണ് അറിയുന്നത്. സാനു മോഹന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളെക്കുറി​ച്ച് അറി​യാൻ രമ്യയുടെ സാന്നി​ദ്ധ്യം അനി​വാര്യമാണ്.