1

പള്ളുരുത്തി: 95 ന്റെ നിറവിൽ ടി.പി.പീതാംബരൻ. ജന്മദിനത്തിൽ വീട്ടുമുറ്റത്ത് മാവിൻതൈ നട്ട് ശിഷ്യ ഗണങ്ങളും നാട്ടുകാരും ചേർന്ന് പരിപാടിക്ക് തുടക്കം കുറിച്ചു. ദീപം പള്ളുരുത്തിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാഷ്ടീയ - സാംസ്കാരിക രംഗത്ത് സംശുദ്ധമായ ജീവിതം നയിക്കുന്ന മാഷ് ഇപ്പോഴും പൊതു പ്രവർത്തന രംഗത്ത് സജീവമാണ്. അദ്ധ്യാപകനായും നിയമസഭാ സാമാജികനും അഴിമതി രഹിത പ്രവർത്തനം കാഴ്ചവെച്ച പീതാംബരൻ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടപ്പാക്കി.

കച്ചേരിപ്പടി എം.എൽ.എ റോഡിൽ തെക്കനേഴത്തു വീട്ടിൽ കുടുംബമായാണ് താമസം.മനുഷ്യാവകാശ കമ്മിഷൻ മുൻ അദ്ധ്യക്ഷൻ ജസ്റ്റിസ്.പി.മോഹൻദാസ് പീതാംബരന് ഉപഹാരം നൽകി. പൂർവ വിദ്യാർത്ഥി കൊച്ചിൻ ഷിപ്പിയാർഡ് ഡയറക്ടർ എൻ.വി.സുരേഷ് ബാബു പൊന്നാടയണിയിച്ചു.ദീപം പള്ളുരുത്തി ഭാരവാഹികളായ ടി.കെ.സുന്ദരൻ, എം.എച്ച്.കബീർ പരിപാടികൾക്ക് നേതൃത്വം നൽകി.

നാൾ വഴിയിലൂടെ

1948 ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് രംഗ പ്രവേശനം.1960 ൽ സ്റ്റേറ്റ് എക്സിക്യുട്ടീവ് അംഗമായി. തുടർന്ന് 62 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, പഞ്ചായത്ത് മെമ്പർ, ആൾ ഇന്ത്യ സെക്കൻഡറി ടീച്ചേഴ്സ് സെക്രട്ടറി ചുമതലയിൽ പ്രവർത്തിച്ചു. ഇടക്കാലത്ത് എ.കെ.ആന്റണിയുമായി ചേർന്ന് കോൺഗ്രസ് എസിൽ പ്രവർത്തിച്ചു. പിന്നീട് ശരത് പവാറിനൊപ്പം കോൺഗ്രസിൽ ഉറച്ചു നിന്നു. നിലവിൽ എൻ.സി.പി സ്റ്റേറ്റ് പ്രസിഡന്റ് പദവി അലങ്കരിക്കുന്നു.