കൊച്ചി: സി.എഫ്.എൽ.ടി.സിയിൽ ചികിത്സയിലുള്ളവർക്ക് സൗജന്യഭക്ഷണം വിതരണം ചെയ്യാനും സെന്ററിലേക്ക് ആവശ്യമായ റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ഇൻസിനറേറ്റർ തുടങ്ങിയവ നൽകാനും സമ്മതം അറിയിച്ച് സന്നദ്ധസംഘടനകൾ. കൊവിഡ് രണ്ടാംതരംഗത്തെ പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി മേയർ അഡ്വ.എം. അനിൽകുമാർ വിളിച്ചുചേർത്ത യോഗത്തിലാണ് നഗരത്തിലെ വിവിധ സംഘടന പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്.
നഗരത്തിൽ കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുകയാണ്. 11,300 ഡോസ് വാക്‌സിനുകളാണ് വിവിധയിടങ്ങളിലായി നൽകിയത്. ഇനിയുള്ള രണ്ടുമാസം നിർണായകമാണ്. മാസത്തിൽ ഒരു ലക്ഷം പേർക്ക് വാക്‌സിൻ നൽകുവാനാണ് ഉദ്ദേശിക്കുന്നത്.
നിലവിൽ മട്ടാഞ്ചേരിയിലും പളളുരുത്തിയിലും സി.എഫ്.എൽ.ടി.സികൾ പ്രവർത്തിക്കുന്നുണ്ട്. ഇടക്കൊച്ചി പണ്ഡിറ്റ് കറുപ്പൻ, കലൂർ അനുഗ്രഹ ഹാൾ, കൊവിഡ് പരിശോധനകേന്ദ്രമായി പ്രവർത്തിക്കുന്ന ഇടപ്പള്ളി സെന്റ് ജോർജ് പാരിഷ്ഹാൾ ഉൾപ്പെടെ ആറിടങ്ങളിൽക്കൂടി സി.എഫ്.എൽ.ടി.സി. പ്രവർത്തനമാരംഭിക്കാനാണ് ഉദ്ദേശം.
കൊവിഡ് മഹാമാരി സൃഷ്ടിച്ചിട്ടുളള പ്രതിസന്ധി ഒറ്റയ്ക്ക് നേരിടുന്നതിന് കോർപ്പറേഷന് പരിമിതിയുള്ളതിനാലാണ് മത സാമുദായിക സംഘടനകളുടെയും സന്നദ്ധ സംഘടനകളുടേയും സഹായം തേടുന്നതെന്ന് മേയർ വ്യക്തമാക്കി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ. അഷറഫ്, ഷീബ ലാൽ, സുനിത ഡിക്‌സൺ, ജെ. സനിൽമോൻ, പ്രിയ പ്രശാന്ത്, വി.എ. ശ്രീജിത്ത്, പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ തുടങ്ങിയവരും മുപ്പതോളം സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.