oxegen
ബി.പി.സി.എല്ലിൽ നിന്നുള്ള മെഡിക്കൽ ഓക്സിജൻ വാഹനത്തിന് ജില്ലാ കളക്ടർ എസ്. സുഹാസ് പച്ചക്കൊടി വീശുന്നു. സഞ്ജയ് ഖന്ന, ആർ. വേണുഗോപാൽ, സൂരജ് കൃഷ്ണൻ, ജയ് ശങ്കർ കൃഷ്ണൻ, ഡോ. രവി, ഡോ. ജുനൈദ് റഹ്മാൻ എന്നിവർ സമീപം

കൊച്ചി: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ സർക്കാർ ആശുപത്രികൾക്ക് ബി.പി.സി.എല്ലിൽ നിന്ന് മെഡിക്കൽ ഓക്സിജൻ വിതരണം ആരംഭിച്ചു. പ്രതിദിനം ഒന്നര ലക്ഷം ടൺ മെഡിക്കൽ ഓക്സിജനാണ് വിതരണം ചെ്യയുക.

ബി.പി.സി.എല്ലിന്റെ പങ്കാളിയായ എയർ പ്രോഡക്ട്സുമായി സഹകരിച്ചാണ് ഓക്സിജൻ നൽകുന്നത്. പ്രതിദിനം രണ്ടര ലക്ഷം ടൺ വീതം വിതരണം ചെയ്യാൻ കഴിയുമെന്ന് ബി.പി.സി.എൽ അറിയിച്ചു. കൊവിഡ് ചികിത്സ നൽകുന്ന പി.വി.എസ്, സിയാൽ സി.എഫ്.എൽ.ടി.ഡി., മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവയ്ക്കാണ് ഓക്സിജൻ നൽകുന്നത്.

കൊച്ചി റിഫൈനറിയിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ്. സുഹാസ് ആദ്യപാഴ്സൽ ട്രക്കിന് പച്ചക്കൊടി വീശി. റിഫൈനറി എക്സിക്യുട്ടീവ് ഡയറക്ടർ സഞ്ജയ് ഖന്ന, എക്സ്‌പ്ളോസീവ്സ് ഡപ്യൂട്ടി ചീഫ് കൺട്രോളർ ഡോ.ആർ. വേണുഗോപാൽ, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ജോയിന്റ് ഡയറക്ടർ സൂരജ് കൃഷ്ണൻ, എയർ പ്രോഡക്ട്സ് ഫാക്ടറി മാനേജർ ജയ് ശങ്കർ കൃഷ്ണൻ, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. രവി, ഡോ. ജുനൈദ് റഹ്മാൻ എന്നിവർ പങ്കെടുത്തു.