kpl

കൊച്ചി: കേരള പ്രിമിയർ ലീഗിന്റെ ഫൈനലിൽ ഗോകുലം കേരള എഫ്.സിയും കെ.എസ്.ഇ.ബിയും തമ്മിൽ ഏറ്രുമുട്ടും.

ഇന്നലെ നടന്ന സെമിഫൈനൽ പോരാട്ടങ്ങളിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ഇരുടീമുകളും ഫൈനൽ ഉറപ്പാക്കിയത്. മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന ആദ്യസെമിയിൽ ബോസ്‌കോ ഒതുക്കുങ്ങലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3നാണ് കെ.എസ്.ഇ.ബി തോൽപ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും 3-3ന് സമനില പാലിച്ചതിനെ തുടർന്നായിരുന്നു ടൈബ്രേക്കറിൽ വിജയികളെ നിശ്ചയിച്ചത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ആറ് ഗോളുകളും വീണത്. അറുപത്തിയഞ്ചാം മിനിട്ട് വരെ മൂന്ന് ഗോളിന് മുന്നിൽ നിന്ന ബോസ്‌കോയെ അവിശ്വസനീയമായ തിരിച്ചുവരവിലൂടെ കെ.എസ്.ഇ.ബി നിശ്ചിത സമയത്ത് സമനിലയിൽ പിടിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ കെ.എസ്.ഇ.ബിക്കായി നിജോ ഗിൽബെർട്ട്, അരുൺ സുരേഷ്, മുഹമ്മദ് ഉവൈസ്, ജിനേഷ് ഡൊമിനിക്, എൽദോസ് ജോർജ് എന്നിവർ ലക്ഷ്യം നേടി. ബാസ്‌കോയുടെ സിറാജുദ്ദീൻ, മുഹമ്മദ് സാലിം, ഫർഷാദ്.എൻ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ മുഹമ്മദ് സാനിഷിന്റെ കിക്ക് പുറത്തായി ഗോകുലം കേരള എഫ്‌.സിയും കേരള യുണൈറ്റഡ് എഫ്‌.സിയും തമ്മിൽ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയിൽ കളിയുടെ മുഴുവൻ സമയത്തും ഗോളടിക്കാൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ കേരള യുണൈറ്റഡിന്റെ രണ്ടു താരങ്ങളുടെ കിക്ക് പുറത്തായി. ഗോകുലം കേരള എഫ്‌.സിയുടെ നാലു താരങ്ങൾ ലക്ഷ്യം കണ്ടതോടെ 4-2ന് ഗോകുലം വിജയമുറപ്പിച്ചു. . 21ന് വൈകിട്ട് 3.45ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് കിരീടപോരാട്ടം.