seaplane
കൊച്ചി തുറമുഖത്തിറങ്ങിയ സീ പ്ളെയിനിൽ ഇന്ധനം നിറയ്ക്കുന്നു

കൊച്ചി: ഒറ്റ ദിവസം കൊണ്ട് രണ്ടു നേട്ടങ്ങൾ കൈവരിച്ച് കൊച്ചി തുറമുഖം. ടാങ്ക് കണ്ടെയ്നറുകൾ കപ്പൽമാർഗം ഗുജറാത്തിലേയ്ക്ക് അയയ്ക്കുകയും സീ പ്ളെയിനിന് ബങ്കറിംഗ് സൗകര്യവും ഒരുക്കുകയും ചെയ്തു.

ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ രണ്ട് അക്രിലിക് ടാങ്ക് കണ്ടെയ്നറുകളാണ് കപ്പലിൽ കയറ്റിയത്. തുറമുഖത്തുനിന്ന് ആദ്യമായാണ് ടാങ്ക് കണ്ടെയ്നറുകൾ അയയ്ക്കുന്നത്. സാധാരണ ട്രക്കുകളിലാണ് ഇവ അയയ്ക്കുക. റോഡ് മാർഗത്തെക്കാൾ ചെലവ് കുറയുമെന്നതാണ് പ്രധാന നേട്ടം. ഗുജറാത്തിലെ ഹസിറ തുറമുഖത്തേയ്ക്കാണ് എസ്.എസ്.എൽ വിശാഖപട്ടണം എന്ന കപ്പലിൽ ടാങ്കറുകൾ അയച്ചത്. തീരദേശ ഗതാഗതം പ്രോത്സാഹിപ്പിക്കുന്ന സാഗരമാല പദ്ധതിയുടെ ഭാഗമാണിത്. ഗുജറാത്തിലെ സിൽവാസയിലെ വിസേൻ ഇൻഡസ്ട്രീസ്, ബറൂച്ചിലെ റോസറി ബയോടെക് എന്നീ സ്ഥാപനങ്ങൾക്കാണ് അക്രിലിക് അയച്ചത്.

ഇന്ധനം നിറയ്ക്കുന്നതിനാണ് സ്പൈസ് ജെറ്റിന്റെ സീ പ്ളെയിൻ തുറമുഖത്ത് ഇറങ്ങിയത്. ഗോവയിൽ നിന്ന് മാലദ്വീപിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് സീ പ്ളെയിൻ കൊച്ചിയിൽ എത്തിയത്. 975 ലിറ്റർ ഇന്ധനം നിറച്ചശേഷം സീ പ്ളെയിൻ യാത്ര തുടർന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ഇന്ധനം നൽകിയത്.