പെരുമ്പാവൂർ: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതി പിടിയിൽ. പെരുമ്പാവൂർ മുടിക്കൽ സ്വദേശി ഇബ്രു എന്ന് വിളിക്കുന്ന ഇബ്രാഹീമിനെയാണ് നെടുമ്പാശ്ശേരി സർക്കിൾ ഇൻസ്‌പെക്ടറും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ന് ഷാർജയിൽ നിന്നും വിമാനത്തിൽ വന്നിറങ്ങിയ മഞ്ഞുമ്മൽ സ്വദേശി താജുവിനെയാണ് തട്ടിക്കൊണ്ടു പോയത്. പിന്നീട് ഇയാളെ ബന്ദിയാക്കി. പെരുമ്പാവൂരിലെ ലോഡ്ജ് മുറിയിലാണ് താമസിപ്പിച്ചത്. സംഘം താജുവിനെ ഉപേക്ഷിച്ചതോടെ പൊലീസിൽ വിവരം നൽകുകയായിരുന്നു. പൊലീസെത്തി സിസിടിവി ദൃശ്യം പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഇബ്രുവിന്റെ ഗുണ്ടാ സംഘത്തിൽപ്പെട്ട ചിലരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടിലെ കണ്ണിയായിരുന്നു തട്ടിക്കൊണ്ടുപോകപ്പെട്ട താജുവെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഇബ്രുവിനെയും സംഘാംഗങ്ങളെയും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
ഇബ്രു സ്വർണ്ണക്കടത്തുകാരുടെ ഇഷ്ട ക്വട്ടേഷൻ നേതാവ്
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ കേസിൽ പിടിയിലായ ഇബ്രു എന്ന് വിളിക്കുന്ന ഇബ്രാഹീംകുട്ടി കേരളത്തിലെ സ്വർണ്ണക്കടത്ത് സംഘത്തലവൻമാരുടെ ഇഷ്ടതോഴൻ. സ്വർണ്ണം കടത്താൻ ഉപയോഗിക്കുന്ന കാരിയർമാർ സ്വയം വാക്ക് ലംഘിച്ച് സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിക്കുന്നത് തിരിച്ചുവാങ്ങിക്കൊടുക്കുന്ന ഇടനിലക്കാരനിൽ പ്രധാനിയാണ് ഇബ്രു എന്ന ഗുണ്ടാനേതാവ്. മദ്ധ്യകേരളത്തിൽ സ്വർണ്ണക്കടത്തിന് ശേഷം ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ മുങ്ങുന്ന കാരിയർമാരെയും അതിന് കൂട്ട് നിൽക്കുന്ന ഗുണ്ടാസംഘങ്ങളെയും തപ്പിയെടുക്കാൻ കേരളത്തിലെ കള്ള സ്വർണ്ണക്കടത്തുകാർ നിയോഗിക്കുന്നത് ഇബ്രു എന്ന പെരുമ്പാവൂരുകാരനെയാണ്. കേരളത്തിലെവിടെയും ബന്ധങ്ങളും വൻകണ്ണികളും ഉളള ഇയാൾ കൊച്ചിയിലിരുന്നാണ് ഓപ്പറേഷൻ നടത്തുന്നത്. സ്വർണ്ണം തട്ടിക്കൊണ്ടു പോയി എന്നറിയിച്ചാൽ ഇരുചെവി അറിയാതെ തട്ടിപ്പ് നടത്തിയ ആളെ കണ്ടെത്തി സ്വർണ്ണം പിടിച്ചെടുത്ത് മണിക്കൂറുകൾക്കുളളിൽ ബന്ധപ്പെട്ടവർക്ക് തിരികെ നൽകുന്ന ജോലി ഭംഗിയായി നടത്തിക്കൊടുക്കുമെന്നതിനാലാണ് പല പ്രമുഖ സ്വർണ്ണകളളക്കടത്തുകാരും ഇബ്രുവിന് ക്വട്ടേഷൻ നൽകുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരനായ താജുവിനെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘം നിയോഗിച്ച ഇബ്രു തന്നെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ സ്വർണ്ണക്കടത്ത് സംബന്ധിച്ച കേസിൽ ഇതുവരെ കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണറിയുന്നത്. കേസിൽ അകപ്പെട്ടാൽ വൻതുക വക്കീൽഫീസ് നൽകി മോചിപ്പിക്കാൻ വൻസംഘം തന്നെ രംഗത്തെത്തുക പതിവാണ്.
വിമാനത്താവളത്തിലൂടെ ഒരു കിലോയോളം സ്വർണ്ണം കടത്തിക്കൊണ്ടു വന്നയാളാണ് താജു. എന്നാൽ കടത്തിക്കൊണ്ടു വന്ന സ്വർണ്ണം എത്തിക്കേണ്ടിടത്ത് എത്തിക്കാതെ ചെന്നൈയിൽ കൂട്ടുകാർക്ക് കൈമാറിയിട്ട് നെടുമ്പാശേരിയിലേക്ക് വിമാനത്തിൽ വന്നിറങ്ങുകയായിരുന്നു ഇയാൾ. അതിനിടെ സ്വർണ്ണം എത്താത്തിടത്ത് എത്താതായതോടെ സംശയം തോന്നിയ ഉടമസ്ഥർ ഇബ്രുവിനെ അറിയിച്ചിരുന്നു. ഇതോടെ നെടുമ്പാശേരി എയർപോർട്ടിൽ എത്തിയ താജു ടാക്‌സി വിളിച്ച് പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ഇബ്രുവും സംഘവും പിടികൂടുകയായിരുന്നു. എന്നാൽ ഇതിനെ ചെറുത്തതോടെ ഇവരുടെ വണ്ടിയിലേക്ക് ബലം പ്രയോഗിച്ച് കയറ്റുകയും ജോലി ഏൽപ്പിച്ചവർക്ക് ഇയാളെ കൈമാറുകയുമായിരുന്നുവെന്നാണ് പൊലീസിന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.