കൊച്ചി: പൊള്ളുന്ന വേനൽക്കാലം. പക്ഷേ മൂടിക്കെട്ടിയ ആകാശം. ജില്ലയിൽ ഏതാനും ദിവസമായി കാണപ്പെടുന്ന ഈ പ്രതിഭാസത്തിന്ന് പിന്നിൽ ഒരു വെസ്റ്രേൺ കക്ഷിയാണ്. വെസ്റ്രേൺ പസഫിക് സമുദ്രത്തിൽ രൂപം കൊണ്ട സുരിഗേ ടൈഫൂൺ ! മേഖലയിൽ സാധാരണയായി രൂപംകൊണ്ട ന്യൂനമർദ്ദം ടൈഫൂണായി മാറിയതാണ് കൊച്ചിയുടെ ആകാശത്തിന് മഴമേഘങ്ങളെ സമ്മാനിച്ചത്. മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വേഗത്തിൽ വീശുന്ന കാറ്രാണ് കാരണം. വേനൽമഴ ശക്തമായിരിക്കെ എത്തിയ സുരിഗേ ഇഫക്ട് മഴയുടെ കരുത്തു കൂട്ടുകയും ഇടിമിന്നലിനും ഇടയാക്കിയിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. മാർച്ച് മുതൽ മേയ് വരെ വൈകുന്നേരങ്ങളിലാണ് മഴയും ഇടിയുമുണ്ടാകുന്നത്. നിലവിൽ രാവിലെ മുതൽ മൂടിക്കെട്ടിയ സ്ഥിതിയാണ്. തുലാവർഷത്തിന് സമാനമായി രാത്രി പെരുമഴയും ഒപ്പം ഇടിമിന്നലും. രണ്ട് ദിവസത്തിന് ശേഷം ഇതിനൊരു മാറ്റം ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
അധിക വേനൽമഴ
മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെ ജില്ലയിൽ ലഭിച്ചത് 98 ശതമാനം അധികമഴ. ജില്ലയിൽ ആകെ കിട്ടിയത് 178 മില്ലി മീറ്റർ മഴ. 89.8 മില്ലി മീറ്റർ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. മേയിൽ നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.നിലവിലെ കാലാവസ്ഥ തുടരുകയാണെങ്കിൽ ഇക്കുറി റെക്കാഡ് മഴലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വേനൽമഴ അധികം ലഭിച്ചത് ഉൾനാടൻ ജലാശങ്ങൾക്കും ശുദ്ധജല വിതരണത്തിനും ഗുണമായിട്ടുണ്ട്. സാധാരണ മാർച്ച് മുതൽ പൊള്ളുന്ന ചൂട് അനുഭവപ്പെടാറുണ്ടെങ്കിലും ഈ വർഷം അന്തരീക്ഷ താപനില താഴ്ന്ന നിലയിലാണ്. അടുത്ത മാസവും ചൂട് കുറവായിരിക്കും.കേരളത്തിനും ഇക്കുറി നല്ലമഴ ലഭിച്ചു.
മഴലഭ്യത കൂടുതൽ പത്തനംതിട്ട,
കുറവ് കണ്ണൂർ
മഴലഭ്യതയിൽ പത്തനംതിട്ടയാണ് മുന്നിൽ. 395.3 മില്ലി ലിറ്റർ. തൊട്ടുപിന്നിൽ കോട്ടയം.218.8 മില്ലി ലിറ്റർ മഴ. ഇടുക്കി, എറണാകുളം,കോട്ടയം,ആലപ്പുഴ എന്നീ ജില്ലകളാണ് മഴലഭ്യതയിൽ മുന്നിലുള്ള മറ്റ് ജില്ലകൾ. ഏറ്റവും മഴ കുറവ് ലഭിച്ചത് കണ്ണൂരിലാണ്.81.5. എന്നാൽ ശരാശരി ലഭിക്കേണ്ട മഴയേക്കാൾ 76ശതനമാനം അധികമഴയാണ് ഇവടെ ലഭിച്ചിട്ടുണ്ട്.
കൂടുന്നു ക്യുമിലോനിംബസ്
വേനൽമഴയ്ക്കൊപ്പം ജില്ലയിൽ ശക്തമാണ് ഇടിമിന്നൽ. ക്യുമിലോനിംബസുകൾ കൂടുന്നതാണ് ശക്തമായ ഇടിമിന്നലിന് കാരണം. ഏതാണ്ട് ഇരുപത് കിലോമീറ്റർ വ്യാസവും ഉപരിതലത്തിൽനിന്ന് ഒന്നോ രണ്ടോ കിലോമീറ്റർ മുതൽ പതിനാറോ പതിനേഴോ കിലോമീറ്റർ വരെ ഉയരവുമുള്ള കൂറ്റൻ മേഘങ്ങളാണ് ക്യുമിലോനിംബസ്. ധാരാളം ഈർപ്പമുള്ള വായു ഉയരുമ്പോഴാണ് ക്യുമിലോനിംബസ് മേഘങ്ങളുണ്ടാകുന്നത്. കാലവർഷത്തിനുമുമ്പും തുലാവർഷക്കാലത്തുമാണ് ഇടിമേഘങ്ങൾ ധാരാളമായി പ്രത്യക്ഷപ്പെടുക. കിഴക്കൻ പടിഞ്ഞാറൻ കാറ്രുകൾ ശക്തമായത് മഴമേഘങ്ങളുടെ കൂട്ടിയിടിക്ക് ആക്കം കൂട്ടി.