കൊച്ചി: വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് റാലികളും ആഹ്ളാദ പ്രകടനങ്ങളും നടത്തുന്നതും ആളുകൾ കൂട്ടംകൂടുന്നതും തടയാൻ സർക്കാരിനും പൊലീസിനും നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശി എ.കെ.ശ്രീകുമാർ നൽകിയ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. അതിരുവിട്ടുള്ള ആഹ്ളാദ പ്രകടനങ്ങളും കൂട്ടംചേരലും കൊവിഡ് വ്യാപനം രൂക്ഷമാക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ചുമതലയുള്ള ഉദ്യോഗസ്ഥരും വോട്ടെണ്ണലിൽ പങ്കെടുക്കേണ്ടവരുമൊഴികെ മറ്റാരെയും അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വോട്ടെണ്ണൽ ദിനത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.