അങ്കമാലി: ചാലക്കുടി ഇടതുകര കനാലിന്റെ പാറക്കടവ് റീച്ചിലെ വാലറ്റമായ പീച്ചാനിക്കാട് ചാക്കരപ്പറമ്പ് ഭാഗത്ത് കനാലിലൂടെ ഒഴുകിയെത്തുന്ന മാലിന്യക്കൂമ്പാരം മൂലം കർഷകർക്ക് കൃഷിയിറക്കാനാകാത്ത സ്ഥിതിയാണ്. ചാക്കരപ്പറമ്പ് ഭാഗത്ത് എത്തിച്ചേരുന്ന വെള്ളം പാടശേഖരങ്ങളിലേക്കോ ഇതര ജലസ്രോതസുകളിലേക്കോ തിരിച്ചുവിടുന്നതിനാവശ്യമായ തോടുകൾ ഇവിടെ ഇല്ല. കനാലിന്റെ അറ്റകുറ്റപ്പണികൾ കുറേക്കാലമായി നടത്തുന്നത് തൊഴിലുറപ്പ് തൊഴിലാളികളാണ്. വെള്ളം ഒഴുക്കുന്നതിന് മുമ്പേ ശുചീകരണം നടത്തിക്കഴിഞ്ഞാൽ പിന്നീട് കനാലിലേക്ക് തിരിഞ്ഞുനോക്കാനാളില്ല.
വൻതോതിൽ പ്ളാസ്റ്റിക് മാലിന്യവും
റീച്ചിലെ അവസാനഭാഗത്ത് എത്തുന്ന വെള്ളത്തോടൊപ്പം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിയ തോതിലാണ് ഒഴുകി എത്തുന്നത്. കാനയിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കംചെയ്യാൻ ഇറിഗേഷൻ വകുപ്പ് തയ്യാറാകുന്നില്ല. ഈ മാലിന്യങ്ങളെല്ലാം കൃഷിയിടത്തിലേക്ക് വന്നുകൂടുന്നതിനാൽ ഇവിടെ കൃഷിഇറക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. ഇടതുകര കനാലിന്റെ ഈ ഭാഗത്ത് കടുത്തവേനൽക്കാലത്ത് കൃഷിഇറക്കാൻ വെള്ളം എത്താറില്ല. തുടർച്ചയായി മഴപെയ്താൽ കനാലിന്റെ ഇരുവശങ്ങളായ ആയക്കെട്ടുഭാഗത്ത് കൃഷിക്കും മറ്റും വെള്ളം ആവശ്യമില്ലാത്തതിനാൽ വെള്ളം ചാക്കരപ്പറമ്പിലേക്ക് ഒഴുകിയെത്തുന്നു. ഇതാടെ കനാലിൽ അടിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യക്കൂമ്പാരം നേരെ ഒഴുകിയെത്തുന്നത് കൃഷിയിടങ്ങളിലേക്കാണ്. നിരവധിതവണ പരാതി നൽകിയിട്ടും ചാലക്കുടി ഇടതുകരകനാൽ അധികൃതർ അനങ്ങാപ്പാറ സമീപനമാണ് സ്വീകരിക്കുന്നതെന്ന് കർഷകർ പരാതിപ്പെടുന്നു.