കൊച്ചി: ബന്ധു നിയമനത്തിന്റെ പേരിൽ തന്നെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന ലോകായുക്തയുടെ വിധിയെ ചോദ്യം ചെയ്ത് മുൻമന്ത്രി ഡോ. കെ.ടി. ജലീൽ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ പോലും സ്വീകരിക്കാതെ തള്ളി. ലോകായുക്ത അധികാരപരിധിക്കുള്ളിൽ നിന്നാണ് വിധി പറഞ്ഞതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
മന്ത്രിയായിരിക്കെ ജലീൽ തന്റെ ബന്ധു കെ.ടി. അദീബിനെ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ചതിനെതിരെ മലപ്പുറം എടപ്പാൾ സ്വദേശി വി.കെ. മുഹമ്മദ് ഷാഫി നൽകിയ പരാതിയിൽ ഏപ്രിൽ ഒമ്പതിനാണ് ലോകായുക്ത വിധി പറഞ്ഞത്. ഇതിനെതിരെ ജലീൽ നൽകിയ ഹർജി ഹൈക്കോടതി ഏപ്രിൽ 13 നു പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത്.
ലോകായുക്ത നിയമപ്രകാരമുള്ള നടപടിക്രമം പാലിച്ചില്ല, മതിയായ അന്വേഷണം നടത്തിയില്ല, തനിക്കെതിരായ പരാതി നിലനിൽക്കില്ല തുടങ്ങിയ ജലീലിന്റെ വാദങ്ങൾ തള്ളിയ ഹൈക്കോടതി, ഒാരോ ആരോപണവും വിശദമായി പരിശോധിച്ച് വിധിന്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാരംഭ വാദങ്ങൾക്കൊടുവിൽ ലോകായുക്തയുടെ നിരീക്ഷണങ്ങൾ ശരിവച്ചാണ് ഹർജി ഫയലിൽ പോലും സ്വീകരിക്കാതെ തള്ളിയത്. ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിക്കാൻ പൊതുഭരണ വകുപ്പിന്റെ എതിർപ്പുകൾ മറികടന്ന് യോഗ്യതയിൽ ഭേദഗതി വരുത്തിയതും ബന്ധുവിനെ ഡെപ്യൂട്ടേഷനിൽ നിയമിച്ചതും കെ.ടി. ജലീലിന്റെ ഇടപെടലിനെ തുടർന്നാണെന്ന ലോകായുക്ത വിധിയിലെ 46-ാം ഖണ്ഡിക ഡിവിഷൻ ബെഞ്ച് ഉദ്ധരിച്ചു. യോഗ്യത ഭേദഗതി ചെയ്തതു ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ആവശ്യപ്രകാരമല്ലെന്നും ജലീലിന്റെ ആശയമാണിതെന്നും വ്യക്തമാണ്. ജനറൽ മാനേജർ പദവിയിലേക്ക് ഡെപ്യൂട്ടേഷനിൽ നിയമിക്കണമെന്ന അദീബിന്റെ അപേക്ഷ കോർപ്പറേഷൻ ബോർഡ് യോഗത്തിൽ വയ്ക്കാതെ എം.ഡി നേരിട്ട് സർക്കാരിന് നൽകുകയായിരുന്നു. ജലീലാണ് നിയമനത്തിന് ഉത്തരവിട്ടതെന്നും ഹൈക്കോടതി വിലയിരുത്തി.
പൊതുപദവികൾ സ്വകാര്യ നേട്ടത്തിന്
മാദ്ധ്യമങ്ങൾ ജാഗരൂകരായിട്ടും സംസ്ഥാനത്തെ പൊതുവിഭവങ്ങളും പൊതുപദവികളും സ്വകാര്യ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നത് കൂടിവരികയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം നടപടികൾ അഴിമതിയാണെന്നതിൽ തർക്കമില്ല. ഭരണകർത്താക്കളിലുള്ള നിയന്ത്രണം ദുർബലമാകുന്തോറും അഴിമതിയുടെ സാദ്ധ്യതയും കൂടും.
മുഖ്യമന്ത്രി മുതൽ പഞ്ചായത്തംഗങ്ങൾ വരെയുള്ള പൊതുസേവകർ ലോകായുക്ത നിയമത്തിനു കീഴിൽ വരും. പൊതുരംഗത്തെ അഴിമതിയില്ലാതാക്കുകയാണ് ഇൗ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകായുക്തയുടെ തീരുമാനം അന്തിമമാണ്. ഇൗ തീരുമാനത്തിലേക്ക് നയിച്ച നടപടിക്രമങ്ങളിൽ അപാകതയുണ്ടെങ്കിൽ മാത്രമാണ് ജുഡിഷ്യൽ പുനഃപരിശോധന സാദ്ധ്യമാവുകയെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ജലീലിന്റെ വാദങ്ങൾ ഒന്നും നിലം തൊട്ടില്ല
കൊച്ചി: ലോകായുക്ത നടപടിക്രമം പാലിച്ചില്ലെന്നും, പരാതിയിൽ അന്വേഷണം നടത്താതെയാണ് വിധി പറഞ്ഞതെന്നുമുള്ള കെ.ടി. ജലീലിന്റെ വാദങ്ങൾ ഹൈക്കോടതി അപ്പാടെ തള്ളി. കേസിൽ തന്റെ ഭാഗം രേഖാമൂലം വിശദീകരിക്കാൻ ജലീലിന് ലോകായുക്ത അവസരം നൽകിയതു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ,ജലീലിന്റെ മുഖ്യ വാദങ്ങൾ നിരസിക്കുകയായിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ എം.ഡിയുടെ ശുപാർശ സർക്കാരാണ് അംഗീകരിച്ചതെന്നും അദീബിനെ നിയമിക്കാനുള്ള തീരുമാനം കോർപ്പറേഷന്റേതായിരുന്നെന്നുമുള്ള ജലീലിന്റെ വാദങ്ങളും തള്ളി.
മുഖ്യവാദം ഒന്ന് : പരാതിയിൽ ലോകായുക്ത അന്വേഷണം നടത്തിയില്ല.
ഹൈക്കോടതിയുടെ വിലയിരുത്തൽ: 2019 ഫെബ്രുവരി എട്ടിന് പ്രാഥമികാന്വേഷണം നടത്താൻ ലോകായുക്ത തീരുമാനിച്ചു. ഫയലുകൾ ഹാജരാക്കാൻ സർക്കാരിന് നിർദ്ദേശവും നൽകി. സർക്കാർ ഹാജരാക്കിയ രേഖകൾ പരിശോധിച്ചു. പൊലീസിനെയോ മറ്റേതെങ്കിലും ഏജൻസികളെയോ നിയോഗിച്ചില്ലെന്നതു കൊണ്ട് അന്വേഷണം നടത്തിയില്ലെന്ന് പറയാനാവില്ല.
മുഖ്യവാദം രണ്ട് : ലോകായുക്ത അന്വേഷണം നടത്താൻ തീരുമാനിച്ചാൽ പൊതുസേവകനും ബന്ധപ്പെട്ട അതോറിറ്റിക്കും പരാതിയുടെ പകർപ്പ് നൽകണമെന്ന വ്യവസ്ഥ പാലിച്ചില്ല
ഹൈക്കോടതിയുടെ വിലയിരുത്തൽ: പ്രാഥമികാന്വേഷണം നടത്താൻ തീരുമാനിച്ചശേഷം ജലീൽ ഉൾപ്പെടെ കക്ഷികൾക്ക് വാദത്തിന് അവസരം നൽകിയിരുന്നു. പരാതി ഫയലിൽ സ്വീകരിക്കും മുമ്പ് ജലീൽ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസും നൽകി. ഇതനുസരിച്ചാണ് ജലീൽ വിശദീകരണം സമർപ്പിച്ചത്. പരാതി ഫയലിൽ സ്വീകരിക്കും മുമ്പ് പകർപ്പ് ജലീലിനും അതോറിറ്റിക്കും നൽകിയെന്ന് വ്യക്തം.
ആനക്കാര്യമാക്കുമെന്ന് കരുതിയില്ല : ജലീൽ
തിരുവനന്തപുരം: ഒരു നയാപൈസ പോലും പൊതുഖജനാവിന് നഷ്ടപ്പെടുത്താത്ത നിരുപദ്രവകരമായ പ്രശ്നം രാഷ്ട്രീയ ശത്രുക്കൾ ആനക്കാര്യമാക്കുമെന്ന് കരുതി മുൻകരുതലെടുക്കാത്തതിൽ അണുമണിത്തൂക്കം ഖേദം തോന്നുന്നില്ലെന്ന് കെ.ടി. ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ലോകായുക്ത ഉത്തരവ് ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ജലീൽ പോസ്റ്റിട്ടത്.
തന്നിഷ്ടക്കാർക്കെല്ലാം മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വായ്പ കൊടുത്ത് സമുദായ വഞ്ചകർ മുടിപ്പിച്ച ഒരു അർദ്ധ സർക്കാർ സ്ഥാപനത്തെ, നല്ല ശമ്പളത്തിന് രാജ്യത്തെ മികച്ച ഷെഡ്യൂൾഡ് ബാങ്കുകളിലൊന്നിൽ ജോലി ചെയ്യുന്ന ഒരാളുടെ സേവനം ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ മുഖേന ഉപയോഗപ്പെടുത്തി നേരെയാക്കിയെടുക്കാൻ ശ്രമിച്ച ആത്മാർത്ഥതയെ 'തലവെട്ടു' കുറ്റമായി അവതരിപ്പിച്ച് ആഘോഷിച്ച സുഹൃത്തുകളോടും നിഷ്പക്ഷ നിരീക്ഷകരോടും ദേഷ്യം ഒട്ടുമേയില്ല.
മനുഷ്യന്റെ അകമറിയാൻ ശേഷിയുള്ള ജഗദീശ്വരനായ പരമേശ്വരൻ എല്ലാം നോക്കിക്കാണുന്നുണ്ട് എന്ന വിശ്വാസം നൽകുന്ന കരുത്ത് ചെറുതല്ല.ലോകായുക്തയുടെ വിധിയെ തുടർന്നാണ് ഞാൻ രാജിവച്ചത്. നിയമ വിദഗ്ധരുടെ അഭിപ്രായപ്രകാരം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹൈക്കോടതിയുടെ വിധിക്കു കാത്തുനിൽക്കാതെ ലോകായുക്തയുടെ വിധി നടപ്പിലാക്കപ്പെട്ടു. അതോടെ ആ അദ്ധ്യായം അവസാനിച്ചതായി കുറിപ്പിൽ പറയുന്നു.