കൊച്ചി: കൊവിഡിന്റെ രണ്ടാംവരവിൽ നിയന്ത്രണം കടുപ്പിച്ചതോടെ സമയം പുനഃക്രമീകരിച്ച് തിയേറ്ററുകൾ പ്രദർശനം നടത്തുമെങ്കിലും കാണികൾ കുറഞ്ഞാൽ അടച്ചിടും. സീറ്റുകളുടെ നാലിലൊന്നിൽ കാണികളുണ്ടെങ്കിൽ സിനിമ പ്രദർശിപ്പിക്കും.

പുതിയ മാനദണ്ഡപ്രകാരം രാത്രി 7.30 ന് പ്രദർശനം അവസാനിപ്പിക്കണം. രണ്ടോ മൂന്നോ പ്രദർശനങ്ങൾ പകൽ നടത്തി നിയന്ത്രണം പാലിക്കാൻ തിയേറ്ററുടമകളുടെ സംഘടനയായ ഫുയോക്കിന്റെ യോഗം തീരുമാനിച്ചു. പ്രദർശനം വേണ്ടെന്നു വയ്ക്കാൻ ഉടമകൾക്ക് സ്വന്തം നിലയിൽ തീരുമാനിക്കാമെന്ന് ഫുയോക്ക് ജനറൽ സെക്രട്ടറി കെ. വിജയകുമാർ പറഞ്ഞു.

അതേസമയം, ചിത്രീകരണം പൂർത്തിയായ നൂറിലേറെ സിനിമകളുടെ റിലീസിംഗ് വീണ്ടും അനിശ്ചിതത്വത്തിലായി.

കൊവിഡിന് മുൻപ് ചിത്രീകരിച്ച സിനിമകൾ പ്രദർശിപ്പിച്ച ശേഷമേ ചിത്രീകരണം നടത്തുന്ന സിനിമകൾ പ്രദർശിപ്പിക്കൂവെന്നാണ് തിയേറ്ററുടമകളുടെ നിലപാട്. സൂപ്പർ താരങ്ങളുടേത് ഉൾപ്പെടെ നൂറിലേറെ സിനിമകൾ റിലീസ് കാത്തിരിക്കുകയാണ്.

മുടക്കുമുതലെങ്കിലും തിരിച്ചുപിടിക്കാൻ ഒ.ടി.ടി റിലീസിനും നിർമാതാക്കൾ ശ്രമിക്കുന്നുണ്ട്. വിഷുക്കാലത്ത് കാര്യമായ കളക്ഷൻ നേടാത്ത സിനിമകൾ ഒ.ടി.ടിയിൽ റിലീസ് ചെയ്യും. തിയേറ്ററിൽ റിലീസ് ചെയ്ത് 45 ദിവസത്തിന് ശേഷം ഒ.ടി.ടിയിൽ പ്രദർശിപ്പിക്കാൻ ഫിലിം ചേംബർ അനുമതി നൽകിയിട്ടുണ്ട്.

പുതിയ സിനിമകളുടെ ചിത്രീകരണവും പ്രതിസന്ധിയിലാണ്. ചിത്രീകരണം ആരംഭിച്ചവ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് തുടരുമെന്ന് കേരള ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ. ജേക്കബ് പറഞ്ഞു. കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പായവർ മാത്രമേ ചിത്രീകരണത്തിൽ പങ്കെടുക്കൂ.