കുറുപ്പംപടി: പണമിടപാട് തർക്കത്തെ തുടർന്ന് കുറുപ്പംപടി തുരുത്തിയിൽ യുവാവ് സുഹൃത്തിനെ എയർഗൺ കൊണ്ട് വെടിവച്ചു. കഴുത്തിന് വെടിയേറ്റ തുരുത്തി പുനത്തിൽകുടി മുരളിയുടെ മകൻ സന്ദീപ് എന്നു വിളിക്കുന്ന വിഷ്ണുവിനെ (25) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
തുരുത്തിമാലിൽ ഹിരൺ (23 )ആണ് വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ട് വായ്പ കൊടുത്ത പണം തിരികെ ചോദിക്കുന്നതിനായി ഹിരണിന്റെ വീട്ടിൽ വിഷ്ണു എത്തിയപ്പോഴാണ് സംഭവം. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ഹിരൺ വീട്ടിനുള്ളിൽ നിന്ന് എയർഗൺ എടുത്തുകൊണ്ടുവന്ന് വിഷ്ണുവിനെ വെടിവയ്ക്കുകയുമായിരുന്നു. ഹിരണിനെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
മുൻപഞ്ചായത്ത് പ്രസിഡൻറ് ഓമനയുടെ മകനായ ഹിരൺ ടൂ വീലർ വർക്ക്ഷോപ്പ് നടത്തുകയാണ്. വിഷ്ണു പെയിന്റിംഗ് തൊഴിലാളിയാണ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.