kaumudi
ഇന്നലെ 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്ത

ആലുവ: 'കേരളകൗമുദി' വാർത്ത കെ.എസ്.ഇ.ബി അധികാരികളുടെ കണ്ണുതുറപ്പിച്ചു. ദേശീയപാതയിൽ കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോർമറിലെ വള്ളിപ്പടർപ്പുകൾ ഇന്നലെ ജീവനക്കാരെത്തി വെട്ടിനീക്കി. എന്നാൽ തൊട്ടുചേർന്ന് നിൽക്കുന്ന പോസ്റ്റിലും വള്ളിപ്പടർപ്പുകൾ മൂടിയിട്ടുണ്ടെങ്കിലും കെ.എസ്.ഇ.ബിയുടേതല്ലെന്ന കാരണത്താൽ ജീവനക്കാർ തൊട്ടില്ല. ഇന്നലെയാണ് 'ഈ വട്ടിപ്പടർപ്പുകൾ വെട്ടിമാറ്റുമോ സർ' എന്ന തലക്കെട്ടിൽ 'കേരളകൗമുദി' ചിത്രം സഹിതം വാർത്ത പ്രസിദ്ധീകരിച്ചത്.

തോട്ടക്കാട്ടുകര സെക്ഷനിൽ തോട്ടക്കാട്ടുകര - പറവൂർ കവല റോഡിലാണ് ട്രാൻസ്‌ഫോർമർ ഉൾപ്പെടെ കാടുമൂടിയത്. തൊട്ടുചേർന്നുള്ള പോസ്റ്റും പൂർണമായി വള്ളിപ്പടർപ്പുകളുടെ പിടിയിലാണ്. ഇത് സ്വകാര്യ കേബിൾ കമ്പനികളുടേതാണെന്ന കാരണം പറഞ്ഞാണ് ഇന്നലെ കാടുവെട്ടിത്തെളിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാർ തൊടാതിരുന്നത്. ട്രാൻസ്ഫോർമറിന് ഇരുമ്പുകമ്പി ഉപയോഗിച്ച് നിർമ്മിച്ച സുരക്ഷിതവലയമെല്ലാം വൃത്തിയാക്കിയെങ്കിലും തൊട്ടുചേർന്ന് നിൽക്കുന്ന ചെടികൾ ഇനിയും പടർന്ന് പിടിക്കാൻ സാദ്ധ്യതയുണ്ട്. ഈ പുൽച്ചെടികൾ പറിച്ചുനീക്കിയിട്ടില്ല.

വേനൽ മഴയാരംഭിച്ചതോടെ പരിസരത്തെ വ്യാപാരികളും താമസക്കാരുമെല്ലാം അപകട ആശങ്ക പങ്കുവയ്ക്കുകയായിരുന്നു. തൊട്ടടുത്ത് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് ഉണ്ടായിട്ടും അപകടകരമായ രീതിയിലേക്ക് പുൽച്ചെടികൾ വളർന്നിട്ടും അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്നായിരുന്നു പരാതി.