കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലുകളിലെ നിശാപാർട്ടികളിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ പാർട്ടിയിൽ പങ്കെടുത്ത നാലു പേരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തി. നൂറോളം പേരാണ് പാർട്ടികളിൽ പങ്കെടുത്തത്. മറ്റുള്ളവരുടെ മൊഴി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. ഇവരോട് ഹാജരാകാൻ എക്‌സൈസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ചിലർ സമയം നീട്ടി ചോദിച്ചിട്ടുണ്ട്. എന്നിട്ടും ഹാജരാകാത്തവർക്ക് നോട്ടീസ് അയയ്‌ക്കുമെന്ന് എക്സൈസ് സി.ഐ പറഞ്ഞു.

രജിസ്റ്ററിൽ നിന്നും സി.സി.ടിവികളിൽ നിന്നുമുള്ള വിവരങ്ങൾ വച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവർ ലഹരിമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞാൽ നടപടി സ്വീകരിക്കും. അതേസമയം കേസിൽ അറസ്റ്രിലായ ആലുവ സ്വദേശികളായ നിസ്‌വിൻ (39), ഡെന്നീസ് (42), ജോമി (48), ബംഗളൂരു സ്വദേശി ഡിസ്‌ക് ജോക്കി അൻസാർ (48) എന്നിവരെ എക്സൈസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പാർട്ടിക്ക് ഉപയോഗിക്കാനുള്ള ലഹരി ഹോട്ടലുകളിലേക്ക് കടത്തുന്നതടക്കമുള്ള കാര്യങ്ങളാണ് ഇവരിൽ നിന്ന് തേടിയത്. ഹോട്ടലുകളിൽ ആളുകളെ പരിശോധിക്കുന്നവർക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ച കസ്റ്രംസ് പ്രിവന്റീവ് വിഭാഗവും എക്സൈസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്.1.6 ഗ്രാം എംഡിഎംഎ, 50 ഗ്രാം കഞ്ചാവ് എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തിരുന്നു. എറണാകുളത്തെ രണ്ട് ആഡംബര ഹോട്ടലുകളിലും ഫോർട്ട്കൊച്ചിയിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ചുമായിരുന്നു പരിശോധന.