jackfruit-i
മൂവാറ്റുപുഴയിൽ നിന്ന് ചക്ക കയറ്റി പോകുന്ന വാഹനം

മൂവാറ്റുപുഴ: ചക്കയ്ക്കിപ്പോൾ നല്ല കാലമാണ്. നല്ല വലിയ ചക്കയ്ക്ക് 100 രൂപ മുതൽ 125രൂപ വരെയാണ് വില. കോതമംഗലം, പോത്താനിക്കാട്, മൂവാറ്റുപുഴ, പെരുമ്പാവൂർ പ്രദേശങ്ങളിൽ നിന്നും ദിവസേന നിരവധി ചെറുതും വലുതുമായ വാഹനങ്ങളാണ് ചക്ക ലോഡുമായി അന്യ സംസ്ഥാനങ്ങളിലേക്ക് കടക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് ലോഡുകൾ അധികം പോകുന്നതെങ്കിലും തമിഴ്നാട്ടിലും കേരളത്തിലെ ചക്കയ്ക്ക് ഡിമാൻഡ് കൂടുതലാണ്. സീസണായതോടെ വീടുകളിലും പറമ്പുകളിലും പ്ലാവുണ്ടെങ്കിൽ മൊത്ത വ്യാപാരികൾ തേടിയെത്തുന്ന സ്ഥിതിയാണ്.

ലോക്ക് ഡൗൺ കാലത്ത് മലയാളികളുടെ പ്രിയ ഭക്ഷണമായി ചക്ക മാറിയതിനാൽ ആവശ്യക്കാരേറിയതായി ചെറുകിട വ്യാപാരികൾ പറയുന്നു.

അന്യ സംസ്ഥാനത്തേയ്ക്ക് ചക്ക ലോഡുകൾ എത്തിച്ചു നൽകുന്ന സംഘം തന്നെ ഓരോ പ്രദേശത്തുമുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ സീസണേക്കാൾ ഉത്പ്പാദനത്തിൽ കുറവുണ്ടായതും ഡിമാൻഡ് വർദ്ധിക്കാൻ കാരണമായി. കഴിഞ്ഞ കാലങ്ങളിൽ വരിക്ക ചക്കക്കാണ് ഡിമാന്റ് ഉണ്ടായിരുന്നതെങ്കിലും ഇക്കുറി ഏതു ചക്കയായാലും മതിയെന്ന അവസ്ഥയിലാണ് ആവശ്യക്കാർ.

ചക്ക വിഭവങ്ങളും വിപണിയിൽ

ചക്ക വിഭവങ്ങൾക്കും വിപണിയിൽ ഇപ്പോൾ നല്ല ഡിമാൻഡാണ്.ചക്ക ഐസ്‌ക്രീം, ഷേയ്ക്ക് എന്നീ വിഭവങ്ങളും കൂടുതൽ സജീവമായി. വറുത്ത ഉപ്പേരി ഉണ്ടാക്കുന്നതിനാണ് ചക്ക കൂടുതൽ ഉപയോഗിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിൽ ചക്ക പുഴുക്കും, ചക്കപഴം കൊണ്ടുള്ള ചക്കയടയും ഇഷ്ട്ട വിഭവവുമാണ്.