കളമശേരി: വൈഗയുടെ മരണത്തിന് ഉത്തരവാദിയായ പിതാവ് സാനുമോഹനെ പിടികൂടുന്നതിന് പൊലീസിന് സഹായകരമായ വിവരങ്ങൾ കൈമാറിയ കളമശേരിയിലെ കൗൺസിലറും ബി.ജെ.പി മണ്ഡലം സെക്രട്ടറിയുമായ പ്രമോദ് തൃക്കാക്കരയെ മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ, മുനിസിപ്പൽ പ്രസിഡന്റ് വിനോദ്കുമാർ, സെക്രട്ടറി രതീഷ്‌കുമാർ, പി.ഡി. മണി, ശ്യാംകുമാർ എന്നിവർ ചേർന്ന് അനുമോദിച്ചു.

ഒളിവിൽപോയ സാനുമോഹൻ കൊല്ലൂരിലെ ഹോട്ടലിൽ മുറിയെടുത്തു താമസിക്കുകയും ഒടുവിൽ പണം കൊടുക്കാതെ മുങ്ങുകയും ചെയ്തപ്പോൾ ഹോട്ടൽ ഉടമ ആധാർ കാർഡിലെ മേൽവിലാസം നോക്കി ഇതേ ഹോട്ടലിൽ സ്ഥിരമായിവന്ന് താമസിക്കാറുള്ള പ്രമോദിന്റെ അയൽവാസിയായ കൃഷ്ണകുമാറിനെ വിവരം അറിയിച്ചു. കൃഷ്ണകുമാർ സുഹൃത്തായ പ്രമോദിനോടു പറയുകയും അദ്ദേഹം പൊലീസിന് വിവരം കൈമാറിയതോടെ സാനുമോഹനെ അറസ്റ്റുചെയ്യാൻ എളുപ്പമായി. പ്രതി രക്ഷപെടാൻ സാദ്ധ്യതയുള്ളതിനാൽ വിവരം പുറത്തുപോകരുതെന്ന പൊലീസിന്റെ നിർദ്ദേശം പാലിക്കുകയും ചെയ്തു. പ്രമോദും കൊല്ലൂരിലെത്തുമ്പോൾ ഇതേ ഹോട്ടലിലാണ് താമസിക്കാറുള്ളത്.