ആലുവ/പെരുമ്പാവൂർ: വിദേശത്ത് നിന്നെത്തിയ യാത്രക്കാരനെ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന് തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ പിടിയിലായി. പെരുമ്പാവൂർ മുടിക്കൽ ചെറുവേലിക്കുന്ന് ഭാഗത്ത് പുതുക്കാടൻ വീട്ടിൽ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (44) യെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്.
ഇയാൾ വിവിധ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണ്. ഷാർജയിൽ നിന്നെത്തിയ വടക്കാഞ്ചേരി സ്വദേശി താജു തോമസി (30)നെ ഞായറാഴ്ച ഉച്ചയ്ക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് പുറത്തുനിന്നാണ് ഒരു സംഘം ആളുകൾ തട്ടികൊണ്ടുപോയത്. വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്സിയിൽ വീട്ടിലേക്ക് പോകാൻ തയ്യാറെടുത്ത താജുവിനൊപ്പം കാത്തുനിന്ന മറ്റ് രണ്ട് പേർ കൂടി ബലമായി കയറി. പിന്നീട് വിമാനത്താവളത്തിനു പുറത്ത് പെട്രോൾ പമ്പിനു സമീപം അഞ്ച് കാറുകളിലായി എത്തിയവർ ടാക്‌സി വളഞ്ഞ് ഇയാളെ തട്ടിക്കൊണ്ട് പോയെന്നാണ് കേസ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പെരുമ്പാവൂരുള്ള ഒരു ലോഡ്ജിൽ നിന്ന് കണ്ടെത്തിയത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്വർണക്കടത്തുകാർ തമ്മിലുള്ള കുടിപ്പകയാണോ തട്ടികൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നും കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
സ്വർണക്കടത്തുകാരുടെ തോഴൻ
പെരുമ്പാവൂർ: ഇബ്രു കേരളത്തിലെ അനധികൃത സ്വർണ്ണക്കടത്ത് സംഘത്തലവൻമാരുടെ ഇഷ്ടതോഴനാണ്. സ്വർണം കടത്താൻ ഉപയോഗിക്കുന്ന കാരിയർമാർ വാക്ക് ലംഘിച്ച് സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിച്ചാൽ തിരിച്ചുവാങ്ങിക്കൊടുക്കുന്ന ഇടനിലക്കാരനിൽ പ്രധാനിയാണ് ഈ ഗുണ്ടാനേതാവ്. കേരളത്തിലെമ്പാടും ബന്ധങ്ങളും വൻകണ്ണികളും ഉളള ഇയാൾ കൊച്ചിയിലിരുന്നാണ് ഓപ്പറേഷൻ നടത്തുന്നത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ സ്വർണ്ണക്കടത്ത് സംബന്ധിച്ച് ഇതുവരെ കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല. കേസിൽ അകപ്പെട്ടാൽ മോചിപ്പിക്കാൻ വൻസംഘം തന്നെ നിയമനടപടികളുമായി രംഗത്തിറങ്ങും.