ആലുവ: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി റെസിഡൻസ് അസോസിയേഷനുകൾ, വ്യാപാരികൾ എന്നിവരുമായി റൂറൽ പൊലീസ് കൂടിക്കാഴ്ച നടത്തി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം ഓൺലൈൻ മുഖേനയായിരുന്നു കൂടിക്കാഴ്ച. കൊവിഡിനെ പ്രതിരോധിക്കാൻ ഏർപ്പെടുത്തേണ്ട സംവിധാനങ്ങൾ ചർച്ച ചെയ്തു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവേണം കടകൾ പ്രവർത്തിക്കാനെന്നും ആൾക്കൂട്ടം പാടില്ലെന്നും പൊലീസ് നിർദ്ദേശിച്ചു. അഞ്ച് സബ്ഡിവിഷനുകളിലും ഇത്തരം യോഗങ്ങൾ സംഘടിപ്പിച്ചു. റൂറൽ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ് പരിശോധന തുടരുകയാണ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകളുടെ പരിശോധനയുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ദിവസം 92 കേസുകൾ രജിസ്റ്റർ ചെയ്തു. 26 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 3306 പേർക്കെതിരെയും സാമൂഹ്യഅകലം പാലിക്കാത്തതിന് 3075 പേർക്കെതിരെയും നടപടിയെടുത്തു.