ആലുവ: എടത്തല ഗ്രാമപഞ്ചായത്തിന് പുറമെ കീഴ്മാട് ഗ്രാമപഞ്ചായത്തിലും കൊവിഡ് വ്യാപനം രൂക്ഷമായതോടെ നാട്ടുകാർ ആശങ്കയിൽ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ മാത്രം ഇരുനൂറിലേറെപ്പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 18ന് മാത്രം 53 പേർ രോഗബാധിതരായി.
കൊവിഡ് മാനദണ്ഡം പാലിക്കുന്നതിൽ ജനങ്ങളും നടപ്പാക്കുന്നതിൽ അധികൃതരും വരുത്തുന്ന വീഴ്ചയാണ് കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കുന്നത്.
കൊവിഡിന്റെ പ്രാരംഭഘട്ടത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായ പഞ്ചായത്താണ് കീഴ്മാട്. ഇതോടെ ആശങ്കയിലായ ജനം വീടുകളിൽനിന്ന് പുറത്തിറങ്ങാതിരുന്നപ്പോൾ രോഗവ്യാപനം തടയാനായി. നിയന്ത്രണങ്ങളിൽ നിയമാനുസൃതമായ ഇളവുകൾ ലഭിച്ചപ്പോൾ മാസ്‌ക് പോലും ധരിക്കാതെ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും പതിവായി. ഹോട്ടലുകളിലും പ്രധാന കവലകളിലും വായനശാലകളിലുമെല്ലാം ചർച്ചകൾ പതിവായി. ഇതോടെയാണ് വീണ്ടും കീഴ്മാട് കൊവിഡിന്റെ പിടിയിലായത്.
കീഴ്മാട്, കുട്ടമശേരി, തോട്ടുമുഖം ഭാഗങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികളാണ് മാസ്‌ക് പൂർണമായും ഒഴിവാക്കുന്നത്. കൊവിഡ് വ്യാപിക്കുമ്പോഴും കച്ചവടകേന്ദ്രങ്ങളിൽ യാതൊരു മാറ്റവും ഇല്ല. പലയിടത്തും സാനിറ്റൈസറോ കൈകഴുകാനുള സംവിധാനങ്ങളോ ഇല്ല. പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്ന വ്യാപാരികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർക്കും കീഴ്മാട് പഞ്ചായത്തിൽ രോഗം ബാധിച്ചിട്ടുണ്ട്.