കൊച്ചി: സ്റ്റാർട്ട് ഇന്ത്യയുടെ 'ഡൊണേറ്റ് എ വാൾ' പദ്ധതിപ്രകാരം എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ തീർത്ത ചിത്രങ്ങൾ ഇന്ന് രാവിലെ 10 ന് കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യും.
സ്റ്റാൻഡിന്റെ പതിനഞ്ചടിയോളം ഉയരമുള്ള ചുവരുകളിലാണ് രണ്ടു ചിത്രങ്ങൾ വിരിഞ്ഞത്. ബാക്ക്പാക്കണിഞ്ഞ് നിൽക്കുന്ന ആധുനിക മലയാളി യുവതി വലതുവശത്തും പഴമ വിളിച്ചോതുന്ന മലയാളി പെൺകുട്ടി ഇടത്തുമായാണ് ചിത്രം. 10 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. സ്റ്റാൻഡിനുള്ളിലെ തൂണുകളിലും മനോഹരമായ ഡിസൈനുകൾ വരച്ചിട്ടുണ്ട്.
സ്റ്റാർട്ട് ഇന്ത്യ ഫൗണ്ടേഷനും ഏഷ്യൻ പെയിന്റ്‌സും ചേർന്നാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. കാസർകോടും തിരുവനന്തപുരത്തും കോഴിക്കോടുമെല്ലാം ചിത്രങ്ങൾ വരച്ചിരുന്നു. 2014ൽ രൂപീകരിച്ച സ്റ്റാർട്ട് ഇന്ത്യ, ഓൺലൈനിൽ ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ചാണ് ചിത്രരചനയ്ക്കുള്ള ഇടം തിരഞ്ഞെടുക്കുക.
പ്രോജക്ട് മാനേജർ ഹൈദരാബാദ് സ്വദേശി അക്മൽ, ആർട്ടിസ്റ്റ് ന്യൂഡൽഹി സ്വദേശി പ്രഗേഷ് പാർമർ, സഹായി നാസിക് സ്വദേശി അഭിജിത് ആചാര്യ, തൃശൂർ സ്വദേശി സൂരജ് എന്നിവരാണ് ചിത്രരചനയ്ക്ക് നേതൃത്വം നൽകിയത്. എമൾഷൻ, സ്‌പ്രേ പെയിന്റ് എന്നിവ ഉപയോഗിച്ചാണ് ചിത്രരചന.