മൂവാറ്റുപുഴ: കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ മൂവാറ്റുപുഴ നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നഗരസഭാ ചെയർമാൻ പി.പി എൽദോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതിയിലാണ് തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നഗരസഭാ ജീവനക്കാരും പൊലീസും സംയുക്ത പരിശോധന നടത്തും. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പൊലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നഗരസഭാ ചട്ടം അനുസരിച്ചുള്ള നടപടി സ്വീകരിക്കും. രണ്ട് ദിവസത്തിനകം 28 വാർഡിലും ദ്രുത കർമ്മ സേനയുടെയും വാർഡ്‌ തല ജാഗ്രതാ സമിതിയുടെയും സംയുക്ത യോഗം ചേർന്ന് കർമ്മ പരിപാടികൾ സ്വീകരിക്കും. അടിയന്തര ഘട്ടം ഉണ്ടായാൽ ജനറൽ ആശുപത്രിക്ക് പുറമെ ആയുർവേദ, ഹോമിയോ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളും തുറക്കും. കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ആവശ്യമെങ്കിൽ നഗരസഭ സൗജന്യമായി ഭക്ഷണം എത്തിച്ചു നൽകും. കൊവിഡ് സ്ഥിതീകരിക്കുന്നവരെ ചികിത്സാ കേന്ദ്രത്തിൽ എത്തിക്കുന്നതിന് സൗജന്യമായി വാഹന സൗകര്യം ഒരുക്കും.

യോഗത്തിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി ബിജു,പ്രതിപക്ഷ നേതാവ് ആർ.രാകേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം.അബ്ദുസ്സലാം,അബ്ദുൽഖാദർ ,അജിമോൻ, രാജശ്രീ രാജു, ജോസ് കുര്യാക്കോസ്, മുനിസിപ്പൽ സെക്രട്ടറി ആരിഫ് മുഹമ്മദ് ഖാൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആശാ വിജയൻ, ഹോമിയോ ആർ.എം.ഒ ടി.വി.ചിത്ര തുടങ്ങിയവർ പങ്കെടുത്തു.

ഒരു വാർഡിൽ ഒരു ക്യാമ്പ്

വാക്സിൻ ലഭ്യതയ്ക്ക് അനുസരിച്ച് വിവിധ കേന്ദ്രങ്ങളിൽ കുത്തിവയ്പ് ക്യാമ്പ് നടത്തും. ഒരു വാർഡിൽ ഒരു ക്യാമ്പ് എന്നതാണ് ലക്ഷ്യമിടുന്നത്. ആയുർവേദ ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ആയുർ രക്ഷാ ക്ലിനിക്കിൽ ചികിത്സയും പ്രതിരോധ മരുന്ന് വിതരണവും ആരംഭിക്കും. നൂറുപേർക്ക് പ്രതിദിനം പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും. ഹോമിയോ പ്രതിരോധ ഗുളികകളുടെ വിതരണവും നടത്തും. നിലവിൽ 15, 000 പേർക്ക് നൽകാനുള്ള ഗുളിക സ്റ്റോക്കുണ്ട്. കൂടുതൽ വേണ്ടിവന്നാൽ നഗരസഭ പണം കൊടുത്ത് വാങ്ങി നൽകും.വാർഡ്‌ തല ധ്രുത കർമ്മസേന പ്രതിരോധ മരുന്ന് വീടുകളിൽ എത്തിച്ച് നൽകും.

ഇതര ഭാഷകളിലും അനൗൺസ്മെന്റ്

ബോധവത്കരണത്തിന്റ ഭാഗമായി നഗരസഭയും പോലീസും ഉച്ചഭാഷിണിയിലൂടെ നിർദ്ദേശങ്ങൾ നൽകും ഇതര ഭാഷകളിലും അനൗൺസ്മെന്റ് നടത്തും. ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. വ്യാപാര സ്ഥാപനങ്ങൾ രാത്രി 9 നു ശേഷം തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് നഗരത്തിലെത്തുന്ന വാഹനങ്ങളുടെ കൃത്യമായ വിവരം പൊലിസ് ശേഖരിക്കും. യാത്രക്കാരെയും വാഹന ജീവനക്കാരെയും നിരീക്ഷിക്കും. അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടുന്നത് ഒഴിവാക്കും.