കൊച്ചി:പതിനേഴുകാരിയെ പീഡിപ്പിച്ച മോഷണ കേസ് പ്രതി ചേരാനെല്ലൂർ ജയകേരള സ്വദേശി അലൻ ജെയിംസിനെ (19) പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ് ഇയാൾ നോർത്ത് പൊലീസിന്റെ പിടിയിലായത്. രണ്ടു വർഷം മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് ഇയാൾ പെൺകുട്ടിയുമായി സൗഹൃദത്തിലായത്. തുടർന്നു ഇടയ്ക്കിടെ പെൺകുട്ടിയെ കാണാൻ രാത്രി വീട്ടിലെത്താൻ തുടങ്ങി. ഇതിനിടെയിലാണ് പീഡിപ്പിച്ചത്. സംശയം തോന്നിയ മാതാപിതാക്കൾ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. പെൺകുട്ടിയുടെ ഫോൺവിളി നിലച്ചതിനെ തുടർന്ന് ഇയാൾ മാതാപിതാക്കളെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി. മകളുടെ നഗ്‌നചിത്രങ്ങൾ കയ്യിലുണ്ടെന്നും അതെല്ലാം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. തുടർന്ന് പെൺകുട്ടി നോർത്ത് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. നോർത്ത് എസ്.എച്ച്.ഒ വി.എസ്. പ്രദീപ് കുമാർ, എ.എസ്.ഐ വിനോദ് കൃഷ്ണ, സി.പി.ഒമാരായ എ.പി. പ്രവീൺ, പി.വിനീത്, സി.കെ. രാഹുൽ, കെ.എസ്.ഫെബിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളം പോക്‌സോ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ എറണാകുളം സെൻട്രൽ, ചേരാനെല്ലൂർ സ്റ്റേഷനുകളിൽ മോഷണ കേസുകളുണ്ട്.