കുറുപ്പംപടി: എം.എൽ.എ ഫണ്ടിൽ നിന്നും പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയ ഒക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും ഫർണിച്ചറുകളും അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി അറിയിച്ചു. 20 ലക്ഷം രൂപയുടെ വിവിധ ഉപകരണങ്ങളാണ് ലഭ്യമാക്കുന്നത്. ആശുപത്രി ശിശു സൗഹൃദമാക്കുന്നതിന് കുട്ടികൾക്കുള്ള കളിയുപകരണങ്ങളും കസേരകളും ഇതിനൊപ്പം നൽകും.
ഇതിൽ ആദ്യഘട്ടമായി വിവിധ ഉപകരണങ്ങൾ ആരോഗ്യ കേന്ദ്രത്തിൽ എത്തി. ഡോക്ടർമാർക്കുള്ള ഫർണിച്ചറുകൾ ഉൾപ്പെടെയാണ് ആരോഗ്യ കേന്ദ്രത്തിന്റെ വികസനം സാധ്യമാക്കുന്നത്. ലബോറട്ടറി ശീതികരിക്കും. ലബോറട്ടറിയിൽ വിവിധ പരിശോധനക്കായുള്ള ഹോമോതോളജിക്കൽ അനലൈസർ, യൂറിൻ അനലൈസർ, ഹോർമോൺ അനലൈസർ, റിയജന്റ്സ് എന്നിവ സ്ഥാപിക്കും. ഇമ്മ്യുണൈസേഷൻ മുറിയിൽ വെയിംഗ് മെഷീൻ മൈനർ ഓപ്പറേഷൻ തിയേറ്ററിൽ ഐ.യു.ബി ഇൻസ്‌ട്രേമെന്റ് കിറ്റ്, സ്റ്റെറിലൈസിംഗ് ബോക്സ്, മരുന്നുകൾ സൂക്ഷിക്കുന്നതിന് ട്രോളികൾ, ടോർച്, സ്റ്റീൽ ബൗളുകൾ, രോഗിക്കുള്ള ബെഡ്, രോഗിയെ നിരീക്ഷിക്കുന്നതിനുള്ള ബെഡ് എന്നിവയാണ് ആദ്യ ഘട്ടമായി ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്.
രോഗികൾക്കുള്ള സേവനം, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ ശിശു ആരോഗ്യം, ജീവിത ശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങൾ തുടങ്ങിയവ ഉറപ്പു വരുത്തി ആരോഗ്യ കേന്ദ്രത്തിന് രാജ്യാന്തര അംഗീകാരം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി എം.എൽ.എ അറിയിച്ചു.