ആലുവ: കൊവിഡ് വ്യാപനത്തെത്തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച എടത്തല ഗ്രാമപഞ്ചായത്തിൽ ഇന്ന് വൈകിട്ട് ആറുമുതൽ ഏഴുദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.

അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടാൻ അനുവദിക്കില്ല. വിവാഹങ്ങൾക്ക് പരമാവധി 20 പേരും മരണാനന്തര ചടങ്ങുകളിൽ 10 പേരും മാത്രമേ ഒരേസമയം പങ്കെടുക്കാവൂ. ഹോട്ടലുകളിൽ പാഴ്‌സൽ വിതരണം മാത്രമേ അനുവദിക്കൂ. അവശ്യ സർവീസുകൾ പ്രവൃത്തിക്കാം. ജോലിക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡോ തൊഴിലുടമയുടെ കത്തോ കൈയിൽ കരുതിയിരിക്കണം. മതപരമായ ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ നടത്താവൂ. റംസാൻ വ്രതത്തിന്റെ ഭാഗമായുള്ള നോമ്പുതുറ വീടുകളിൽ നടത്തണം. പ്രാർത്ഥനയ്ക്കുമാത്രം പള്ളിയിൽ സാമൂഹികഅകലം പാലിച്ച് പ്രവേശിക്കണം. പള്ളികളിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കരുത്.

കണ്ടെയ്‌ൻമെന്റ് സോണുകളിലെ വ്യവസായശാലകൾ, ഫാക്ടറികൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. തൊഴിലാളികൾക്ക് ഫാക്ടറി വളപ്പിൽ താമസിക്കുന്നതിന് സൗകര്യമൊരുക്കണം. പഞ്ചായത്ത് പ്രദേശത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ഒരുവഴിമാത്രമേ തുറക്കുകയുള്ളുവെന്നും കളക്ടർ അറിയിച്ചു.

കീഴ്മാട് പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി 43 ശതമാനം

ജില്ലയിൽ ഏറ്റവും അധികം കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കീഴ്മാട് ഗ്രാമപഞ്ചായത്തിലാണ്. 43 ശതമാനമാണ് ഇവിടത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ശരാശരി 20ൽ താഴെ മാത്രം ടെസ്റ്റ് പോസിറ്റിവിറ്റിയുള്ളപ്പോഴാണ് കീഴ്മാട് ജനങ്ങളെ ഭീതിപ്പെടുത്തുംവിധം കൂടിയിട്ടുള്ളത്.

ലക്ഷണങ്ങളുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ കൂട്ടപ്പരിശോധനയിലാണ് കീഴ്മാട് രോഗതീവ്രത കൂടുതലുള്ള പഞ്ചായത്തായി വ്യക്തമായത്.

കീഴ്മാട് ഗ്രാമപഞ്ചായത്തിലും കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജനം ആശങ്കയിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ മാത്രം 250 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 18ന് മാത്രം 53പേർ രോഗബാധിതരായി. കൊവിഡ് മാനദണ്ഡം പാലിക്കുന്നതിൽ ജനങ്ങളും നടപ്പാക്കുന്നതിൽ അധികൃതരും വരുത്തുന്ന വീഴ്ചയാണ് കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കുന്നത്.

കൊവിഡിന്റെ പ്രാരംഭഘട്ടത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികളുണ്ടായ പഞ്ചായത്താണ് കീഴ്മാട്. ഇതോടെ ആശങ്കയിലായ ജനം വീടുകളിൽനിന്ന് പുറത്തിറങ്ങാതിരുന്നപ്പോൾ രോഗവ്യാപനം തടയാനായി. നിയന്ത്രണങ്ങളിൽ നിയമാനുസൃതമായ ഇളവുകൾ ലഭിച്ചപ്പോൾ മാസ്‌ക് പോലും ധരിക്കാതെ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും പതിവായി. ഹോട്ടലുകളിലും പ്രധാന കവലകളിലും വായനശാലകളിലുമെല്ലാം ചർച്ചകൾ പതിവായി. ഇതോടെയാണ് വീണ്ടും കീഴ്മാട് കൊവിഡിന്റെ പിടിയിലായത്.

കീഴ്മാട്, കുട്ടമശേരി, തോട്ടുമുഖം ഭാഗങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികളാണ് മാസ്‌ക് പൂർണമായും ഒഴിവാക്കുന്നത്. കൊവിഡ് വ്യാപിക്കുമ്പോഴും കച്ചവടകേന്ദ്രങ്ങളിൽ യാതൊരു മാറ്റവും ഇല്ല. പലയിടത്തും സാനിറ്റൈസറോ കൈകഴുകാനുള സംവിധാനങ്ങളോ ഇല്ല. പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്ന വ്യാപാരികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർക്കും കീഴ്മാട് പഞ്ചായത്തിൽ രോഗം ബാധിച്ചിട്ടുണ്ട്.