കൊച്ചി: മരട് അന്താരാഷ്ട്ര പച്ചക്കറി മാർക്കറ്റിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള നഗരസഭയുടെ നീക്കത്തിനിടെ വ്യാപാരികളും നഗരസഭാ അധികൃതരുമായി സംഘർഷം. ഇന്നലെ രാവിലെ 7.15 ഓടെയാണ് സംഭവം. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മാർക്കറ്റിലെ കടകൾ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടാനുള്ള മരട് നഗരസഭാ അധികൃതരുടെ ശ്രമത്തിനിടെയാണ് എതിർപ്പുമായി വ്യാപാരികൾ രംഗത്തെത്തിയത്. പനങ്ങാട് പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ലൈസൻസ് എടുക്കാമെന്നുള്ള വ്യാപാരികളുടെ ഉറപ്പിലാണ് പ്രശ്‌നം പരിഹരിച്ചത്.
ലൈസൻസുമില്ല, തൊഴിൽനികുതിയുമില്ല
20 വർഷത്തോളമായി ലൈസൻസ് ഇല്ലാതെയും തൊഴിൽനികുതി അടക്കാതെയും പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളാണ് അടച്ചുപൂട്ടാൻ ഉത്തരവായത്. ഇതിന്റെ അടിസ്ഥാനത്തിൽ മരട് നഗരസഭ റവന്യൂ ഇൻസ്‌പെക്ടർ ശാലിനി ശ്യാമിന്റെ നേതൃത്വത്തിലെത്തിയ സംഘം സ്ഥാപനങ്ങൾ പൂട്ടാൻ നിർദേശിച്ചെങ്കിലും വ്യാപാരികൾ സംഘംചേർന്ന് എതിർക്കുകയായിരുന്നു.
2016 ൽ ലൈസൻസ് എടുക്കാത്തതിന് നഗരസഭ നോട്ടീസ് നൽകിയിരുന്നു എന്നാൽ അന്ന് ലൈസൻസ് എടുക്കാതെ വ്യാപാരികൾ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് 2020 നവംബർ മുപ്പതിന് കോടതി നഗരസഭയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഇതേത്തുടർന്നാണ് നഗരസഭ നടപടികൾ വീണ്ടും ആരംഭിച്ചത്. 15 ദിവസം അനുവദിച്ചുകൊണ്ടുള്ള ആദ്യവട്ട നോട്ടീസ് ജനുവരിയിൽ നൽകി. പിന്നീട് ഏഴുദിവസം അനുവദിച്ചുകൊണ്ടുള്ള രണ്ടാംവട്ട നോട്ടീസ് ഫെബ്രുവരിയിലും 24 മണിക്കൂർ സമയം അനുവദിച്ചുകൊണ്ട് 17ന് മൂന്നാമത്തെ നോട്ടീസും നൽകിയെങ്കിലും യാതൊരു നടപടിയും വ്യാപാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനെത്തുടർന്നാണ് നഗരസഭ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടാനായി എത്തിയത്.
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സിബി പ്രവീൺ ,ജിഷ ,സ്വപ്ന ,ഓവർസിയർമാരായ സുകു കെ, ജോയിലിൻ, ബിന്ദു, സലിൻകുമാർ, ഈസി ഇ.ജെ, അനിൽകുമാർ, ജോൺസൺ എന്നിവരാണ് നഗരസഭയുടെ സംഘത്തിലുണ്ടായിരുന്നത്. 140 സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മരട് പച്ചക്കറി മാർക്കറ്റിൽ ലൈസൻസ് ഫീ ഇനത്തിലും തൊഴിൽനികുതി ഇനത്തിൽ വൻ തുകയാണ് നഗരസഭയ്ക്ക് നഷ്ടം.