ആലുവ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എടത്തല ഗ്രാമപഞ്ചായത്ത് കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തിൽ രോഗബാധിതർക്ക് പ്രാഥമികമായി ഡോമിസിലി കെയർ സെന്റർ (ഡി.സി.സി) ഒരുക്കും. 40 കിടക്കകളോടെ സി.എഫ്.എൽ.ടി.സിയും ആരംഭിക്കും. ആവശ്യമെങ്കിൽ രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിലും സി.എഫ്.എൽ.ടി.സി ആരംഭിക്കും.

വാർഡുകളിൽ നിന്നും പ്രധാന റോഡുകളിലേക്കുള്ള ചെറുവഴികൾ അടച്ചുകെട്ടും. പൊലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. പഞ്ചായത്തിൽ നിന്ന് അത്യാവശ്യക്കാർക്ക് മാത്രമേ പുറത്തേക്കു പോകാവൂ. ആരാധനാലയങ്ങളിലെ പൊതുആരാധന ഒഴിവാക്കും. രാവിലെ 9 മുതൽ രാത്രി 7വരെ അവശ്യസർവീസ് മാത്രമേ അനുവദിക്കൂ. മറ്റുകച്ചവട സ്ഥാപനങ്ങൾ അടച്ചിടും. അന്യസംസ്ഥാന തൊഴിലാളികളുടെ ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അതാത് തൊഴിലുടമകൾ ചെയ്യണം. പഞ്ചായത്ത് അതിർത്തിയിലെ സർക്കാർ ഓഫീസുകളിലെ ഹാജർ നില 50 ശതമാനത്തിൽ താഴെയാക്കും.