കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിലെ പനയപ്പള്ളി (8), മുണ്ടംവേലി (22), നസ്രത്ത് (26), ഫോർട്ടുകൊച്ചി വെളി (27), പെരുമാനൂർ (60) എന്നീ ഡിവിഷനുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ ഈ പ്രദേശങ്ങളിൽ കളക്‌ടർ എസ്. സുഹാസ് ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് ആറുമുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഏഴു ദിവസത്തേക്കാണ് ലോക്ഡൗൺ നടപ്പാക്കുക.
ഇവിടെ അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടാൻ അനുവദിക്കില്ല. വിവാഹങ്ങൾക്ക് പരമാവധി 20 പേരും മരണാനന്തര ചടങ്ങുകളിൽ 10 പേരും മാത്രമേ ഒരു സമയം പങ്കെടുക്കാവൂ. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർണമായി നിരോധിച്ചു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. പാഴ്‌സൽ വിതരണം മാത്രമേ അനുവദിക്കൂ. അവശ്യ സർവീസുകൾ പ്രവർത്തിക്കാം. ജോലിക്കായി പോകുന്നവരെ തടയില്ല. എന്നാൽ ഇവർ തിരിച്ചറിയൽ കാർഡോ തൊഴിലുടമയുടെ കത്തോ കൈയിൽ കരുതിയിരിക്കണം. മതപരമായ ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ നടത്താവൂ. റംസാൻ വ്രതത്തിന്റെ ഭാഗമായുള്ള നോമ്പുതുറ വീടുകളിൽ നടത്തണം. പ്രാർഥനയ്ക്കുമാത്രം പള്ളിയിൽ സാമൂഹികഅകലം പാലിച്ച് പ്രവേശിക്കുക. പള്ളികളിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കരുത്. ഓരോ ദിവസവും പ്രഖ്യാപിക്കുന്ന കണ്ടെയിൻമെന്റ് സോണുകളിൽ തൊട്ടടുത്തദിവസം വൈകിട്ട് ആറുമുതൽ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.