gold-smuggling-port

കൊച്ചി: കൊച്ചി തുറമുഖത്ത് കണ്ടെയ്‌നറിലെത്തിയ പാസഞ്ചർ ബാഗേജിൽ നിന്ന് ഏഴ് കോടി രൂപ വില വരുന്ന 14.7 കിലോ സ്വർണം ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടി. രണ്ടു ദിവസം മുമ്പ് ദുബായിൽ നിന്നു വന്ന മലപ്പുറം കുറ്റിപ്പുറം സ്വദേശി കപ്പൽ മാർഗം അയച്ച അൺ അക്കമ്പനീഡ് ബാഗേജിൽ വലിയ അളവിൽ സ്വർണമുണ്ടെന്ന് ഡി.ആർ.ഐക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഫ്രിഡ്ജിലെ കമ്പ്രസറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 126 സ്വർണക്കട്ടികളാണ് പിടിച്ചെടുത്തത്.

ദുബായിലെ അൽ - ഉസൂദ് കാർഗോ വഴിയാണ് ബാഗേജ് കൊച്ചി തുറമുഖത്ത് എത്തിയത്. ബാഗേജ് ക്ലിയർ ചെയ്യാനെത്തിയ ആൾ കസ്റ്റഡിയിലാണ്. ഇയാളെ ഡി.ആർ.ഐ ചോദ്യം ചെയ്യുകയാണ്.

വിസ റദ്ദായ ശേഷം നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് വിദേശത്ത് ഉപയോഗിച്ച സാധനങ്ങൾ കൊണ്ടുവരാമെന്ന പഴുത് ഉപയോഗിച്ചായിരുന്നു സ്വർണക്കടത്തിന് ശ്രമം. കൂടുതൽ അന്വേഷണം നടക്കുന്നതായി ഡി.ആർ.ഐ വൃത്തങ്ങൾ പറഞ്ഞു.