കൊച്ചി: കേരള പ്രീമിയർ ലീഗ് ഫൈനൽ ഇന്ന്. വൈകിട്ട് 3.45ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന കലാശപ്പോരിൽ മുൻ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്.സിയും കെ.എസ്.ഇ.ബിയും ഏറ്റുമുട്ടും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. സ്‌പോർട്‌സ്‌കാസ്റ്റ് ഇന്ത്യയുടെ യുട്യൂബ്, ഫേസ്ബുക്ക് പേജുകളിൽ മത്സരം തത്സമയം സംപ്രേഷണം ചെയ്യും. ലീഗിൽ ഇതുവരെ പരാജയമറിയാതെയാണ് ഗോകുലം കേരളയുടെ കുതിപ്പ്. ലീഗ് റൗണ്ടിൽ അഞ്ച് മത്സരങ്ങളും ജയിച്ച് എ ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിയിൽ കടന്ന ടീം കേരള യുണൈറ്റഡ് എഫ്.സിയെ ഷൂട്ടൗട്ടിൽ മറികടന്നാണ് ഫൈനലിലെത്തിയത്.
തുടർച്ചയായ നാലാം തവണയാണ് ഗോകുലം ഫൈനലിൽ ബൂട്ടുകെട്ടുന്നത്. 2018ൽ ചാമ്പ്യൻമാരായിരുന്നു. കഴിഞ്ഞ വർഷം ഫൈനലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് മുന്നിൽ മുട്ടുകുത്തി.