വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 9 വാർഡുകൾ പൂർണമായും കണ്ടെയ്‌മെന്റ് സോണാക്കിക്കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്ന് ചേർന്ന സർവകക്ഷിയോഗം വാർഡുകൾ പൂർണമായി അടക്കാതെ യൂണിറ്റ് അടിസ്ഥാനത്തിൽ യൂണിറ്റ് കണ്ടെയ്‌ൻമെന്റ് സോണാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നിവേദനം നൽകും.

ബഹുഭൂരിപക്ഷം വരുന്ന മത്സ്യത്തൊഴിലാളികളുടെയും സാധാരണ കൂലിപ്പണിചെയ്യുന്ന വലിയൊരു വിഭാഗത്തിന്റെയും നിലനിൽപ്പിനുതന്നെ ഭീഷണിയാവുന്ന പൂർണ അടച്ചിടൽ പ്രായോഗികമല്ല. അത് ഗുരുതരമായ സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങൾക്ക് ഇടവരുത്തും. ബോട്ടുടമകൾ അടക്കമുള്ളവർപോലും കഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ ആത്മഹത്യവരെ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും യോഗംഅഭിപ്രായപ്പെട്ടു.

കൊവിഡ് വ്യാപനത്തെ ശക്തമായി നേരിടണം. അത് നാടിന് അനുയോജ്യമായ രീതിയിൽ ആയിരിക്കണം. പ്രാദേശിക സാഹചര്യങ്ങൾ മൈക്രോ കണ്ടെയ്‌ൻമെന്റിനേക്കാൾ തദ്ദേശീയമായ രീതി എന്ന നിലയ്ക്ക് യൂണിറ്റ് കണ്ടെയ്‌മെന്റാണ് പ്രായോഗികമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി വി.പി. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ, ആരോഗ്യവകുപ്പ്, പൊലീസ്, റവന്യു, ജനപ്രതിനിധികൾ, വ്യാപാരി സംഘടന ഭാരവാഹികൾ, ബോട്ടുടമ-അനുബന്ധ മേഖലാ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി ഭാരവാഹികൾ, റെസിഡന്റ്‌സ് അസോസിയേഷൻ അപെക്‌സ് കൗൺസിൽ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു .