കൊച്ചി: അറബിക്കടലിൽ നിന്ന് മയക്കുമരുന്നുമായി മീൻപിടിത്ത ബോട്ട് പിടികൂടിയ സംഭവത്തിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണം ഉൗർജ്ജിതമാക്കി. ബോട്ടിലുണ്ടായിരുന്ന അഞ്ചു ശ്രീലങ്കൻ സ്വദേശികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
നാവികസേനയുടെ ഐ.എൻ.എസ് സുവർണ കപ്പലിലെ ഉദ്യോഗസ്ഥർ പിടികൂടിയ ബോട്ടിലുണ്ടായിരുന്ന മൂവായിരം കോടി രൂപ വിലമതിക്കുന്ന 300 കിലോ മയക്കുമരുന്നും നർക്കോട്ടിക് ബ്യൂറോ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ പ്രകാരം അന്വേഷണം തുടരുകയാണെന്ന് നർക്കോട്ടിക് ബ്യൂറോ അധികൃതർ പറഞ്ഞു.
അന്താരാഷ്ട്ര ബന്ധങ്ങളുള്ള മയക്കുമരുന്ന് കടത്തായതിനാൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് ബ്യൂറോ അധികൃതർ വ്യക്തമാക്കി. ഡൽഹിയിൽ നിന്നുള്ള നിർദേശപ്രകാരമാണ് നടപടികൾ. നർക്കോട്ടിക് ബ്യൂറോയ്ക്ക് പുറമെ എൻ.ഐ.എ ഉൾപ്പെടെ മറ്റു രഹസ്യാന്വേഷണ ഏജൻസികളും പ്രതികളെ ചോദ്യം ചെയ്യുന്നുണ്ട്.