കൊച്ചി: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽ വിശ്രമിക്കേണ്ട ഗതികേടിലായിരുന്ന ജീവനക്കാ‌ർക്ക് താത്കാലിക ആശ്വാസം. ജീവനക്കാർക്ക് വിശ്രമിക്കുന്നതിനായി കെ.എസ്.ആർ.ടി.സി കെട്ടിടത്തിലെ മുകൾനില പെയിന്റ് ചെയ്ത് വൃത്തിയാക്കി നൽകാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.

ജീവനക്കാ‌‌ർക്ക് മതിയായ സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുട‌‌ർന്നാണ് നടപടി. നിലവിലുള്ള കെട്ടിടത്തിൽ തന്നെയാണ് മുറികൾ ഒരുക്കുന്നത്.

ഇപ്പോഴും വെള്ളക്കെട്ട് കടന്നുവേണം ജീവനക്കാർക്ക് വിശ്രമമുറിയിൽ എത്തേണ്ടത്. മഴപെയ്താൽ മുറിയിൽ വെള്ളംനിറയും. വെള്ളംനിറഞ്ഞാൽ ജീവനക്കാർതന്നെ പമ്പുചെയ്ത് പുറത്തുകളയണം. വെള്ളത്തിൽനിന്ന് രക്ഷപെടാൻ കട്ടിലിന്റെ കാലുകൾ മൺകട്ടകൊണ്ട് ഉയർത്തി വയ്ക്കാറാണ് പതിവ്. നനഞ്ഞ ചുമരുകളിൽ പായലുകൾ നിറഞ്ഞിട്ടുണ്ട്. ജനലുകൾ തകർന്നുവീഴാറായ അവസ്ഥയിലാണ്. ദീർഘദൂര യാത്രകഴിഞ്ഞെത്തുന്ന ജീവനക്കാർക്ക് കൊതുകുശല്യം കാരണം ഉറങ്ങാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ജീവനക്കാർ തന്നെ മുൻകൈയെടുത്താണ് അടുത്തിടെ മുറികൾ വാസയോഗ്യമാക്കിയത്. പകൽ സമയങ്ങളിലും ഇവർക്ക് കൊതുകുവലകളിൽതന്നെ കഴിയേണ്ട സ്ഥിതിയാണുള്ളത്.
നിലവിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് താത്കാലിക ആശ്വാസമെന്ന നിലയിൽ താമസ സൗകര്യമൊരുക്കുന്നതെന്ന് ഡി.ടി.ഒ താജുദ്ദീൻ കേരളകൗമുദിയോട് പറഞ്ഞു. അടിയന്തരമായി നി‌‌ർമ്മാണം പൂ‌ർത്തിയാക്കും. നിലവിൽ മറ്റു ജില്ലകളിൽ നിന്ന് ഡിപ്പോയിലേക്ക് എത്തുന്ന ജീവനക്കാ‌ർക്കായി എ.സി ബസുകളിൽ താത്കാലിക വിശ്രമസൗകര്യം ഒരുക്കിയിട്ടുണ്ട്.