ibrahimkutty

നെടുമ്പാശേരി: വിദേശത്ത് നിന്നെത്തിയ യാത്രക്കാരനെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്ത് നിന്നും തട്ടികൊണ്ടുപോയ കേസിൽ പിടിയിലായ പ്രതി നിരവധി കേസുകളിൽ പ്രതി. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ അനധികൃത സ്വർണക്കടത്ത് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

ഷാർജയിൽ നിന്നെത്തിയ വടക്കാഞ്ചേരി സ്വദേശി താജു തോമസി (30)നെ തട്ടികൊണ്ടുപോയ കേസിൽ പെരുമ്പാവൂർ മുടിക്കൽ ചെറുവേലിക്കുന്ന് ഭാഗത്ത് പുതുക്കാടൻ വീട്ടിൽ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (44) യെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. ആലുവ കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തെങ്കിലും ഇന്ന് കസ്റ്റഡി അപേക്ഷ നൽകുമെന്ന് നെടുമ്പാശേരി സി.ഐ ടി. ശശികുമാർ 'കേരളകൗമുദി ഫ്ളാഷ്' നോട് പറഞ്ഞു. തിരുവനന്തപുരം വലിയതുറ, പെരുമ്പാവൂർ, ആലുവ പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ പിടിച്ചുപറി, അടിപിടി ഉൾപ്പെടെ 10 ഓളം കേസുണ്ടെന്നും പൊലീസ് പറഞ്ഞു.

ഇബ്രുവിന്റെ ഓപ്പറേഷൻ കേന്ദ്രം കൊച്ചി

അനധികൃത സ്വർണ്ണക്കടത്ത് സംഘത്തലവൻമാരുടെ ഇഷ്ടതോഴനായിരുന്നു. സ്വർണം കടത്താൻ ഉപയോഗിക്കുന്ന കാരിയർമാർ വാക്ക് ലംഘിച്ച് സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിച്ചാൽ തിരിച്ചുവാങ്ങിക്കൊടുക്കുന്ന ഇടനിലക്കാരനാണ്. കേരളത്തിലെമ്പാടും ബന്ധങ്ങളും വൻകണ്ണികളും ഉള്ള ഇയാൾ കൊച്ചിയിലിരുന്നാണ് ഓപ്പറേഷൻ നടത്തുന്നത്. എന്നാൽ സ്വർണ്ണക്കടത്ത് സംബന്ധിച്ച് ഇതുവരെ ഇയാൾക്കെതിരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. കേസിൽ അകപ്പെട്ടാൽ മോചിപ്പിക്കാൻ വൻസംഘം തന്നെ നിയമനടപടികളുമായി രംഗത്തിറങ്ങും. ലോക്ക് ഡൗൺ കാലത്ത് പെരുമ്പാവൂരിൽ നിന്നും അതിഥി തൊഴിലാളികളുമായി പോകുന്ന ബസുടമകളിൻ നിന്നും ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തിയിരുന്നു. ഇതിനായി ഇടനിലക്കാരെയും നിയോഗിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് പുറത്തുനിന്നാണ് ഒരു സംഘം ആളുകൾ താജുവിനെ തട്ടികൊണ്ടുപോയത്. വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്‌സിയിൽ വീട്ടിലേക്ക് പോകാൻ തയ്യാറെടുത്ത താജുവിനൊപ്പം ഇവിടെ കാത്തുനിന്ന മറ്റ് രണ്ട് പേർ കൂടി ബലമായി കയറി. പിന്നീട് വിമാനത്താവളത്തിനു പുറത്ത് പെട്രോൾ പമ്പിനു സമീപം അഞ്ച് കാറുകളിലായി എത്തിയവർ ടാക്‌സി വളഞ്ഞ് ഇയാളെ തട്ടിക്കൊണ്ട് പോയെന്നാണ് കേസ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പെരുമ്പാവൂരുള്ള ഒരു ലോഡ്ജിൽ നിന്ന് കണ്ടെത്തിയത്. കേസിൽ കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ആറ് പേർ ചേർന്നാണ് തട്ടികൊണ്ടുപോയത്.