ആപ്പിന് പകരം വെബ് സൈറ്ര്
കൊച്ചി: കൊവിഡിന്റെ ആദ്യതരംഗത്തിൽ മറ്റ് സംസ്ഥാനങ്ങൾ മദ്യം ഓൺലൈനായി വീട്ടിൽ എത്തിക്കാൻ നടപ്പാക്കിയ ഹോം ഡെവിലറി പരീക്ഷിക്കാൻ ബിവറേജസ് കോർപ്പറേഷനും. രണ്ടാം തരംഗം അതിസങ്കീർണമായത് കണക്കിലെടുത്താണിത്. സാമൂഹിക അകലം പാലിക്കാൻ മദ്യം ഓൺലൈനായി വീട്ടിലെത്തിക്കുന്നതു പരിഗണിക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിർദ്ദേശിച്ചതും കണക്കിലെടുക്കുന്നുണ്ട്.
ആദ്യ ചർച്ച കഴിഞ്ഞു. ബംഗാൾ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബെവ്കോ എം.ഡി തിരിച്ചെത്തിയാൽ തുടർ നടപടികൾ വേഗത്തിലാകും.
നേരത്തെ ഹോം ഡെലിവറിയുടെ സാദ്ധ്യത കോർപ്പറേഷൻ പരിശോധിച്ചെങ്കിലും അതുപേക്ഷിച്ചാണ് കഴിഞ്ഞ മേയിൽ ബെവ്ക്യൂ ആപ്പ് ഇറക്കിയത്. ആപ്പ് 'ആപ്പാ'യെന്നാണ് വിലയിരുത്തൽ. ഇപ്പോൾ ആപ്പിന് പകരം കോർപ്പറേഷന്റെ വെബ്സൈറ്റ് തന്നെ ഹോം ഡെലിവറിക്കായി പരിഷ്‌കരിക്കാനാണ് ആലോചന.
ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളുമായി സഹകരിച്ചാകും പദ്ധതി.
ബെവ്ക്യൂവിന് വേണ്ടി വീണ്ടും
കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ബെവ്ക്യൂ ആപ്പിന് വീണ്ടും അനുമതി തേടി ഫെയർകോഡ് ടെക്നോളജീസ് ബിവറേജസ് കോർപ്പറേഷനെ സമീപിച്ചിട്ടുണ്ട്. ഇവരുമായുള്ള ഒരു വർഷ കരാർ നിലവിലുണ്ട്. ആപ്പ് പ്രവർത്തന സജ്ജമാണെന്നും കോർപ്പറേഷൻ നിർദ്ദേശിക്കുന്ന മാറ്രങ്ങൾ വരുത്താമെന്നും കമ്പനി അറിയിച്ചു.
2020 മേയ് 28ന് പ്ലേ സ്റ്റോറിൽ എത്തിയ ബെവ്ക്യൂ ആപ്പ് 2021ജനുവരിയിലാണ് പ്രവർത്തനം താത്കാലികമായി നിറുത്തിയത്. ആറര ലക്ഷം പേർ ഉപയോഗിച്ചു; ആറര കോടിയോളം ടോക്കണുകൾ വിതരണം ചെയ്തു.
കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ മദ്യം ഹോം ഡെലിവറിയായി എത്തിക്കാനുള്ള സാദ്ധ്യത പരിശോധിക്കുന്നുണ്ട്. ഉചിതമായ തീരുമാനമുണ്ടാകും.
- യോഗേഷ് ഗുപ്ത
എം.ഡി, ബിവറേജസ് കോർപ്പറേഷൻ
ബെവ് ക്യൂവിന്റെ സാദ്ധ്യത തേടിയിട്ടുണ്ട്. എല്ലാ പോരായ്‌മകളും പരിഹരിച്ചായിരുന്നു ആപ്പിന്റെ പ്രവർത്തനം. 43 ശതനമാനം ടോക്കണുകളും 900 ഔട്ട്ലെറ്രുള്ള ബിവറേജസ് കോർപ്പറേഷനാണ് നൽകിയത്. കോർപ്പറേഷൻ നിർദ്ദേശിക്കുന്ന മാറ്രങ്ങൾ വരുത്താം.
- എം.ജി.കെ വിഷ്ണു
സി.ഇ.ഒ, ബെവ്ക്യൂആപ്പ്