online

കൊച്ചി: കൊവിഡ് രണ്ടാം ഘട്ട വ്യാപനം ശക്തമായതോടെ വീണ്ടും ഓൺലൈനായി പച്ചക്കറി മുതൽ മത്സ്യമാംസാധികൾ വരെ ഓഡർ ചെയ്ത് വരുത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. നിത്യോപയോഗ സാധനങ്ങൾക്ക് ഓൺലൈൻ ആപ്പുകൾ, സൂപ്പർമാർക്കറ്റുകൾ, കടകൾ എന്നിവ വഴി ബുക്കിംഗ് ചെയ്ത് എത്തിച്ചു നൽകുന്ന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് സജീവമായിരുന്ന ആപ്പുകൾ എല്ലാം വീണ്ടും പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.
സ്വിഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷണവിതരണ ആപ്പുകൾ കഴിഞ്ഞ വർഷം മുതൽ തന്നെ ഓൺലൈനായി സാധനങ്ങൾ എത്തിച്ചു നൽകിയിരുന്നു. പിന്നീട് ആവശ്യക്കാർ കുറഞ്ഞതോടെ സൊമാറ്റോ വിതരണത്തിൽ നിന്ന് പിന്നോട്ടു പോയി. എ.എം നീഡ്‌സ്, ഫ്രഷ് ടു ഹോം തുടങ്ങിയ ആപ്പ് വഴി ആവശ്യക്കാർക്കു മുൻകൂട്ടി ബുക്ക്‌ ചെയ്യാം. ബ്രഡ്, ദോശ മാവ്, ചപ്പാത്തി, മുട്ട, പഴവർഗങ്ങൾ, മത്സ്യങ്ങൾ എന്നിവയും ബുക്ക് ചെയ്യാം. കൂടാതെ മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും പ്രത്യേക നമ്പർ നൽകി വിളിച്ചു പറഞ്ഞാൽ സാധനങ്ങൾ വീട്ടിലെത്തും.നഗരത്തിലെ ഷോപ്പിംഗ് സെന്ററുകൾ പലതും ആവശ്യക്കാർക്ക് ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങാൻ തങ്ങളുടെ വെബ്‌സൈറ്റ് വഴി സൗകര്യം ഒരുക്കിയിട്ടുണ്ട്.

മുൻ കൂട്ടി ബുക്ക് ചെയ്യണം
ആവശ്യക്കാർ വർദ്ധിച്ചതോടെ മുമ്പ് 4 മുതൽ 5 മണിക്കൂറിനുള്ളിൽ ലഭിച്ചിരുന്ന സാധനങ്ങളുടെ ഡെലിവറി ഒരു ദിവസം വരെ നീളുന്നുണ്ട്. രാവിലെ 6 മുതൽ എട്ടു വരെയാണ് വിതരണം. 25-100 വരെ ദൂരത്തിന് അടിസ്ഥാനമായാണ് സർവീസ് തുക ഈടാക്കുന്നത്. സാധനങ്ങളുടെ വില കൂടാതെയാണിത്. ഓൺലൈൻ വഴി ഓർഡർ ചെയ്താൽ 40,50 മിനിറ്റിനകം ഭക്ഷ്യവസ്തുക്കൾ വീടുകളിൽ ലഭിക്കുന്ന സംവിധാനമാണ് സ്വിഗി പോലുള്ള ഭക്ഷണ വിതരണ ആപ്പുകൾ ഒരുക്കിയിട്ടുള്ളത്. വീട്ടു സാധനങ്ങൾ കൂടാതെ മരുന്നുകൾ, ബുക്കുകൾ എന്നിവയും ഓഡർ അനുസരിച്ച് എത്തിച്ചു നൽകുന്നു.

ഇ-പേയ്‌മെന്റ് മാത്രം

ഓൺലൈനായി ഭക്ഷ്യ വസ്തുക്കൾ ഓർഡർ ചെയ്യുന്ന വസ്തുക്കളുടെ വില നൽകാൻ ഇ പേയ്‌മെന്റുകൾ മാത്രമാണ് സ്വീകരിക്കുന്നത്. മുൻകൂട്ടി ഓർഡർ ചെയ്ത് പൈസ അടയ്ക്കണം. കൊവിഡ് മുൻകരുതലിന്റെ ഭാഗമായി നോട്ട് കൈമാറ്റം ഒഴിവാക്കാനാണിത്. ഗൂഗിൾ പേ, ഫോൺ പേ, പേ-ടിഎം തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ചാണ് തുക നൽകുന്നത്.

ജോലി ഭാരം കൂടി

ഓൺലൈൻ സംവിധാനം വഴി കൂടുതൽ ആളുകൾ ബുക്ക് ചെയ്ത് തുടങ്ങിയതോടെ ജോലി ഭാരം വർദ്ധിച്ചിരിക്കുകയാണ്. പ്രാരംഭ ഘട്ടത്തിൽ നൽകിയിരുന്ന അനുകൂല്യങ്ങൾ ഇപ്പോൾ ഭക്ഷണ വിതരണ ആപ്പുകൾ നൽകുന്നില്ല. കൊവിഡ് വ്യാപനം കടുക്കുമ്പോഴും സ്വയ സുരക്ഷ ഉറപ്പാക്കിയാണ് വിതരണം നടത്തുന്നത്.

എബി,
ഡെലിവറി ബോയ്

ഹോം ഡെലിവറിയുമായി കൺസ്യൂമർ ഫെഡ്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ത്രിവേണി സൂപ്പർ മാർക്കറ്റുകളും നീതി മെഡിക്കൽ സ്റ്റോറുകളും വഴി ഭക്ഷ്യ സാധനങ്ങളും മരുന്നുകളും ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകുന്ന ഹോം ഡെലിവറി സംവിധാനം ഇന്ന് മുതൽ ജില്ലാ കേന്ദ്രങ്ങളിൽ ആരംഭിക്കും. സൂപ്പർ മാർക്കറ്റുകളുടെ വാട്‌സ് ആപ്പ് നമ്പറിൽ നൽകുന്ന ഇൻഡന്റും അഡ്രസും പരിഗണിച്ച് കൺസ്യൂമർ ഫെഡ് ജീവനക്കാർ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകുമെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് പറഞ്ഞു.

ആദ്യ ഘട്ടമായി കൊവിഡ് വ്യാപനം കൂടിയ ജില്ലാ കേന്ദ്രങ്ങളിലും പിന്നീട് എല്ലാ മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും. ഇതിന് പുറമെ കൺസ്യൂമർ ഫെഡിന്റെ 47 മൊബൈൽ ത്രിവേണി യൂണിറ്റുകൾ വിവിധ കണ്ടെയ്മെന്റ് സോണുകളിലും കടലോര, മലയോര മേഖലകളിലും ആവശ്യകത അനുസരിച്ച് റൂട്ട് തയ്യാറാക്കി ഗ്രാമീണ മേഖലകളിലേക്ക് സാധനങ്ങൾ എത്തിക്കം. മൊബൈൽ ത്രിവേണികളുടെ സേവനങ്ങൾ ലഭ്യമല്ലാത്ത മേഖലകളിൽ കെ.എസ്.ആർ.ടി.സി ബസുകൾ വിട്ടു നൽകിയാൽ അവ ഉപയോഗപ്പെടുത്തി അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കാനും പദ്ധതിയുണ്ട്. ബസുകൾ വിട്ടു കിട്ടുന്നതിനായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

ഓൺലൈൻ വഴി മരുന്നും
78 നീതി മെഡിക്കൽ സ്റ്റോറുകൾ വഴിയാണ് മരുന്നുകളുടെ ഹോം ഡെലിവറി സംവിധാനം ആരംഭിക്കുന്നത്. നീതി മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കുന്ന ഓർഡറുകൾ പ്രകാരം വീടുകളിൽ മരുന്നെത്തിക്കും. ഇത് കൂടാതെ പാരസെറ്റമോൾ, ബി കോംപ്ലക്‌സ് ഗുളിക, മാസ്ക്, സാനിറ്റൈസർ ഉൾപ്പെടെയുള്ള പത്തിനങ്ങൾ ഉൾക്കൊള്ളുന്ന പ്രിവന്റീവ് മെഡിക്കൽ കിറ്റും , കൊവിഡാനന്തര കിറ്റുകളും ടൗൺ ഷിപ്പുകളിൽ സീനിയർ സിറ്റിസണിനാവശ്യമായ എല്ലാ മരുന്നുകളും വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ആഴ്ചയിൽ തന്നെ ഇത് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്.