മൂവാറ്റുപുഴ: കൊവിഡ് രൂക്ഷമായ പായിപ്ര പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ച വരുത്തുന്ന ഭരണ സമിതിയുട നിസംഗതക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ ഇ.എം.ഷാജിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിക്ക് നിവേദനം നൽകി. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 128 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ രോഗികളുടെ കൃത്യ എണ്ണം ഇനിയും കണക്കാക്കിയിട്ടില്ല. രോഗ വ്യാപനം തടയുന്നതിന് പഞ്ചായത്ത് ഭരണ സമതി ക്രിയാത്മകമായ നടപടികൾ ഒന്നും തന്നെ സ്വീകരിക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. രോഗ പ്രതിരോധത്തിന് സർക്കാർ നൽകുന്ന നിർദ്ദേശം നടപ്പാക്കുന്നതിനായി വിവിധ രാഷ്ട്രീയ പാർട്ടികൾ സന്നദ്ധ സംഘടനകൾ , ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ എന്നിവയുടേയെല്ലാം ഭാരവാഹികളെ നേരിട്ടും ഓൺലൈനായും ബന്ധപ്പെട്ട് പ്രതിരോധ പ്രവർത്തനത്തിൽ അണിനിരത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. നിരവധി രോഗികൾ വേണ്ടത്ര സൗകര്യം ഇല്ലാത്ത വീടുകളിൽ താമസിക്കുന്നത് രോഗവ്യാപനം രൂക്ഷമാക്കുന്നതിനിടയാക്കും. ഇൗ സാഹചര്യത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്റർ അടിയന്തരമായി തുടങ്ങണം. രോഗം ഇത്രമാത്രം രൂക്ഷമാകാതിരുന്ന സാഹചര്യത്തിലും പായിപ്ര പഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തിച്ചിരുന്ന കാര്യവും പ്രതിപക്ഷം പ്രസിഡന്റിന് നൽകിയ നിവേദനത്തിൽ ചൂണ്ടികാട്ടി.