കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്ത് കൊച്ചി കോർപ്പറേഷൻ കൂടുതൽ ചികിത്സാസൗകര്യങ്ങൾ ഒരുക്കുന്നു. രണ്ട് എഫ്.എൽ.ടി.സികൾകൂടി ആരംഭിക്കും.

മട്ടാഞ്ചേരി സി.എഫ്.എൽ.ടി.സിയിൽ 68 പേരും പളളുരുത്തിയിൽ 51 രോഗികളുമുണ്ട്. ഇവിടെ 12 ബെഡ് ഒഴിവുണ്ട്. 90 ബെഡുകളുമായി ഇടക്കൊച്ചി പണ്ഡിറ്റ് കറുപ്പൻഹാളും 114 ബെഡുകളുമായി കലൂർ അനുഗ്രഹഹാളും സി.എഫ്.എൽ.ടി.സി പ്രവർത്തനമാരംഭിക്കാവുന്ന വിധത്തിൽ സജ്ജമായിട്ടുണ്ട്. ആവശ്യത്തിന് റഫ്രിജറേറ്ററുകളും വാഷിംഗ് മെഷീനുകളും ഇൻസിനറേറ്ററുകളും ഇ ടോയ്‌ലെറ്റുകളും ഷവറും ഇവിടങ്ങളിൽ സജ്ജമാണ്.

 നാളെ മുതൽ ഭക്ഷണവിതരണം

കൊവിഡ് രോഗികൾക്കും ക്വാറന്റെയിനിലുള്ളവർക്കും നാളെ മുതൽ ഭക്ഷണം എത്തിക്കാൻ ഇന്നലെ മേയർ അഡ്വ.എം. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ കോർപ്പറേഷൻ ഓഫീസിൽ ചേർന്ന യോഗം തീരുമാനമെടുത്തു. ഡിവിഷനുകളിലെ പോസിറ്റീവ് കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജെ.പി.എച്ച്.എൻ., ആശാവർക്കർ എന്നിവരും ജാഗ്രതാസമിതികളും നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷണം ആവശ്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കും. അർഹതപ്പെട്ടവരുടെ ലിസ്റ്റ് കൗൺസിലർമാരിൽനിന്ന് ശേഖരിക്കുന്നതിന് ഇന്നുമുതൽ പ്രത്യേകസംവിധാനം ആരംഭിക്കും.

ഉച്ചഭക്ഷണവും അത്താഴവും ലഭ്യമാക്കുന്നതിന് എറണാകുളം കരയോഗവും നന്മ ഫൗണ്ടേഷനും സമ്മതം അറിയിച്ചു. ഭക്ഷണ വിതരണത്തിനായി മേഖല തിരിച്ച് നാല് വാഹനങ്ങൾ ഏർപ്പെടുത്തും. ഓരോ ഡിവിഷനിലേക്കുമുള്ള ഭക്ഷണപ്പൊതികൾ ബോക്‌സിനുള്ളിലാക്കി കൗൺസിലർമാർക്ക് എത്തിക്കും.

സഹായം തേടുന്നു

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും സി.എഫ്.എൽ.ടി.സികളുടെ നടത്തിപ്പിനുമായി രണ്ട് അക്കൗണ്ടുകൾ നഗരസഭ ആരംഭിക്കുന്നുണ്ട്. സർക്കാർ ഉത്തരവ് പ്രകാരം പൊതുജനങ്ങളിൽ നിന്നും ഈ ആവശ്യത്തിലേക്ക് സംഭാവന വാങ്ങുന്നത് അനുവദനീയമാണ്. ചെലവഴിക്കുന്ന ഓരോ രൂപയുടെയും കണക്കുകൾ ജനങ്ങളെ അറിയിക്കുമെന്ന് മേയർ പറഞ്ഞു.