cbsc

കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റിവച്ചതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിൽ. സ്റ്റേറ്റ് സിലബസിലെ വിദ്യാർത്ഥികൾക്ക് പരീക്ഷകൾ പുരോഗമിക്കവേയാണ് സി.ബി.എസ്.ഇ തീരുമാനം.

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ച ശേഷം മാത്രമേ ഉപരിപഠനത്തിനുള്ള പ്രവേശന നടപടികൾ ആരംഭിക്കാവൂ എന്നാവശ്യപ്പെട്ട് കേരള സി.ബി.എസ്. ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകിക്കഴിഞ്ഞു.

കേരളത്തിൽ 26ന് പ്ലസ്ടു പരീക്ഷകളും 29ന് എസ്.എസ്.എൽ.സി പരീക്ഷകളും പൂർത്തിയാകും. മേയിൽ തന്നെ എസ്.എസ്.എൽ.സി ഫലം വരും.വൈകാതെ തന്നെ അടുത്ത അദ്ധ്യയന വർഷത്തിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കും. നിരവധി വിദ്യാർത്ഥികളാണ് പത്താം ക്ലാസിന് ശേഷം സംസ്ഥാന സിലബസിൽ പ്രവേശനം നേടുന്നത്.
കോളേജ് പ്രവേശനം തേടുമ്പോൾ യോഗ്യത നിർണയിക്കുന്ന പരീക്ഷയുടെ മാർക്കിനൊപ്പം ഗ്രേസ് മാർക്കുകൾ പരിഗണിക്കരുതെന്ന കേന്ദ്ര സർക്കാർ തീരുമാനം കേരളത്തിൽ മാത്രം നടപ്പിലാക്കിയിട്ടില്ല. പ്രവേശന മാനദണ്ഡങ്ങളും സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് കീറാമുട്ടിയാണ്.

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾക്ക് പകരമുള്ള കാര്യത്തിൽ വ്യക്തമായ മാർഗനിർദേശം എത്രയും വേഗം പുറപ്പെടുവിക്കണമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്റെ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാർത്ഥികളോടുള്ള അനീതി
പരീക്ഷാ തീരുമാനങ്ങൾ വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസ സാദ്ധ്യതകളെ പ്രതികൂലമായി ബാധിക്കരുത്. അവസരം നഷ്ടമായാൽ സി.ബി.എസ്.ഇ നിലപാട് അനീതിയാകും. കേന്ദ്ര സർക്കാർ വ്യക്തമായ മാർഗനിർദേശം പുറപ്പെടുവിക്കണം.
ടി.പി.എം. ഇബ്രാഹിം ഖാൻ,പ്രസിഡന്റ്
കേരള സി.ബി.എസ്.ഇ സ്‌കൂൾ

മാനേജ്‌മെന്റ് അസോസിയേഷൻ

സർക്കാർ അടിയന്തര ഇടപെടൽ നടത്തണം

കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള ജില്ലയിൽ പരീക്ഷാ നടത്തിപ്പിൽ വേണ്ടത്ര ക്രമീകരണം നടത്താത്തത് പൊതു സമൂഹത്തിൽ ആശങ്ക വർദ്ധിപ്പിക്കുന്നുവെന്നും സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും കെ.പി.എസ്. ടി.എ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ ടി.യു. സാദത്ത്, സി.വി. വിജയൻ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു സെക്രട്ടറി അജിമോൻ പൗലോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.