kt-jaleel

കൊച്ചി: ബന്ധു നിയമനത്തെത്തുടർന്ന് മന്ത്രിസ്ഥാനത്തു നിന്ന് കെ.‌ടി. ജലീലിനെ പുറത്താക്കണമെന്ന ലോകായുക്തയുടെ വിധി ഹൈക്കോടതി ശരി വച്ചതോടെ, ഇനി അദ്ദേഹത്തിനു വിജിലൻസ് കേസ് ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരും.

മലപ്പുറം എടപ്പാൾ സ്വദേശി വി.കെ. മുഹമ്മദ് ഷാഫി നൽകിയ പരാതിയിൽ ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 പ്രകാരമാണ് ജലീലിനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കാൻ ലോകായുക്ത സർക്കാരിനു നിർദ്ദേശം നൽകിയത്. ജലീൽ മന്ത്രിസ്ഥാനം രാജി വച്ചതോടെ, ഇക്കാര്യം വ്യക്തമാക്കി സർക്കാർ നടപടി റിപ്പോർട്ട് ലോകായുക്തയ്‌ക്ക് നൽകും. ഇതു പരിഗണിച്ച് കേസിലെ തുടർ നടപടികൾ അവസാനിപ്പിക്കാം

 ഷാഫിയുടെ ഉൗഴം

കേസിൽ നടപടികൾ അവസാനിപ്പിക്കുന്ന ഘട്ടത്തിൽ പൊതുസേവകനെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്നു കണ്ടാൽ അതിന് ഉത്തരവിടാൻ ലോകായുക്തയ്‌ക്ക് അധികാരമുണ്ടെന്ന് നിയമത്തിലെ സെക്ഷൻ 15ൽ പറയുന്നു.

മന്ത്രിയെന്ന നിലയിൽ അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ നടത്തിയെന്നു ലോകായുക്ത കണ്ടെത്തിയതിനാൽ ജലീലിനെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടികൾ സ്വീകരിക്കാനാവുമെന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും ഹൈക്കോടതി അഭിഭാഷകനുമായ ടി. അസഫ് അലി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി (ഗൂഢാലോചന), 166 (മറ്റൊരാൾക്ക് ഹാനികരമാവുന്ന തരത്തിൽ പൊതുസേവകൻ നിയമം ലംഘിക്കൽ) എന്നീ വകുപ്പുകൾ പ്രകാരവും അഴിമതി നിരോധന നിയമപ്രകാരവും നടപടികൾ സാധിക്കും.

 ജലീലിന് മുമ്പിലും നിയമ വഴി

ഹൈക്കോടതി വിധിക്കെതിരെ കെ.ടി. ജലീലിന് സുപ്രീം കോടതിയെ സമീപിക്കാം. മന്ത്രിയെ നീക്കം ചെയ്യണമെന്ന് ശുപാർശ നൽകാനുള്ള ലോകായുക്തയുടെ അധികാരം ഭരണഘടനാ വിരുദ്ധമാണെന്നതടക്കമുള്ള വാദങ്ങൾ ഉന്നയിക്കാം.