കൊച്ചി: കൊച്ചി നിശാപാർട്ടി കേസിൽ അന്വേഷണം ഡിസ്ക്ക് ജോക്കികളിലേക്കും. ലോക്ക്ഡൗൺ ഇളവുകൾക്ക് ശേഷം നടന്നിട്ടുള്ള പാർട്ടികളിൽ ലഹരിമരുന്നുകൾ എത്തിയിട്ടുണ്ടെന്നും ഇതിൽ ഡി.ജെകൾക്കും പങ്കുണ്ടെന്നുമാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.
കസ്റ്റംസിന്റെ സഹായത്തോടെ കൊച്ചിയിലെ നാല് ആഡംബര ഹോട്ടലുകളിൽ പരിശോധ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഒരു ഹോട്ടലിൽ നിശ്ചയിച്ചിരുന്ന പാർട്ടി പെട്ടെന്ന് ഒഴിവാക്കി.വിദേശ ഡി.ജെ പങ്കെടുക്കേണ്ടിയിരുന്ന നിശാപാർട്ടിയാണ് അവസാന നിമിഷം മാറ്രിയത്. ഈ ഡി.ജെയ്ക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ബംഗളൂരു, മുംബായ്, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള ഡി.ജെകളാണ് കൊച്ചിയിലെ പാർട്ടികൾക്കായി എത്തുന്നത്. വിസിറ്രിംഗ് വിസയിലാണ് വിദേശ ഡി.ജെമാർ കൊച്ചിയിലെത്തുന്നത്.
അറസ്റ്രിലായ നാല് പേരിൽ ബംഗളൂരു സ്വദേശിയായ അൻസാറിൽ നിന്നാണ് ലഹരി കണ്ടെടുത്തത്. ഇയാൾക്കടക്കം ലഹരി എത്തിച്ചു നൽകിയത് ബംഗളൂരു സ്വദേശിയും മലയാളിയുമായ പയസ് ആണെന്നാണ് പ്രതികളുടെ മൊഴി. പയസിനെ കണ്ടെത്താനായില്ല. ആഡംബര ഹോട്ടലുകളിലെ വാഷ്റൂമുകളിലാണ് മയക്കുമരുന്ന് കൈമാറ്റം നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
എക്സൈസ് എറണാകുളം സി.ഐ വിനോജ് ഗോപിനാഥനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
ഏപ്രിൽ പത്തിന് രാത്രിയിലാണ് കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ കസ്റ്റംസും എക്‌സൈസും സംയുക്തമായി മിന്നൽ പരിശോധന നടത്തി ഡി.ജെ അടക്കം നാലു പേരെ അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശികളായ നിസ്‌വിൻ(39), ഡെന്നീസ്(42), ജോണി (48), ഡി.ജെ ബംഗളൂരു സ്വദേശി അൻസാർ(48) എന്നിവരാണ് പിടിയിലായത്. 1.6 ഗ്രാം എം.ഡി.എം.എ, 50 ഗ്രാം കഞ്ചാവ് എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.നഗരത്തിലെ ലഹരിമരുന്ന് പാർട്ടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടുണ്ടെന്നും വരുംദിവസങ്ങളിലും പൊലീസുമായി സഹകരിച്ച് പരിശോധനയുണ്ടാകുമെന്നും എക്‌സൈസ് അറിയിച്ചു.
മൂന്ന് പേർ കൂടി ഹാജരായി
നിശാപാർട്ടിയിൽ പങ്കെടുത്ത മൂന്ന് പേർ കൂടി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി മൊഴി നൽകി. ലഹരി ഉപയോഗിക്കാറില്ലെന്നും പരിശോധന നടക്കുമ്പോൾ ഉണ്ടായിരുന്നതായും ഇവർ പറഞ്ഞു. ഇതോടെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായവരുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം നാലുപേർ മൊഴി നൽകിയിരുന്നു.നൂറോളം പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. മറ്റുള്ളവർ ഹാജരാകാൻ എക്‌സൈസ് നിർദ്ദേശം നൽകിയിട്ടുണ്ട്. രജിസ്റ്ററിൽ നിന്നും സി.സി.ടിവികളിൽ നിന്നുള്ള വിവരങ്ങൾ വച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്.