നെടുമ്പാശേരി: വിദേശത്ത് നിന്നെത്തിയ യാത്രക്കാരനെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്ത് നിന്നു തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻഡിലായ പ്രതി പെരുമ്പാവൂർ മുടിക്കൽ ചെറുവേലിക്കുന്ന് പുതുക്കാടൻ വീട്ടിൽ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (44)യെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഷാർജയിൽ നിന്നെത്തിയ വടക്കാഞ്ചേരി സ്വദേശി താജു തോമസി (30)നെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ അനധികൃത സ്വർണക്കടത്ത് മാഫിയയാണെന്ന് പൊലീസ് സംശയിക്കുന്നു.
ഇബ്രാഹിംകുട്ടിക്കായി കസ്റ്റഡി അപേക്ഷ നൽകുമെന്ന് നെടുമ്പാശേരി സി.ഐ ടി. ശശികുമാർ 'കേരളകൗമുദി' യോട് പറഞ്ഞു. തിരുവനന്തപുരം വലിയതുറ, പെരുമ്പാവൂർ, ആലുവ പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ പിടിച്ചുപറി, അടിപിടി ഉൾപ്പെടെ 10 ഓളം കേസുണ്ടെന്നും പൊലീസ് പറഞ്ഞു. അനധികൃത സ്വർണക്കടത്ത് സംഘങ്ങളുടെ ഇഷ്ടക്കാരനാണെങ്കിലും ഇത്തരം കേസുകളിൽ ഇതുവരെ ഇയാൾ പ്രതിയായിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമീക വിവരം.