കൊച്ചി: അശാസ്ത്രീയമായ ബാങ്കിംഗ് പരിഷ്‌കാരങ്ങളുടെ ഫലമായി ബാങ്ക് ശാഖകളിൽ ജീവനക്കാർ വലിയ സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കനറാ ബാങ്ക് തൊക്കിലങ്ങാടി ശാഖയിലെ വനിതാ മാനേജർ ശാഖയ്ക്കുള്ളിൽ ആത്മഹത്യചെയ്ത സംഭവം ഒടുവിലത്തേതാണ്. കടുത്ത മാനസിക സംഘർഷങ്ങളും വല്ലാത്ത പ്രയാസങ്ങളുമാണ് മാനേജർമാരും ജീവനക്കാരും നേരിടുന്നത്. അതിനാൽ ജീവനക്കാരുടെ ആത്മഹത്യയിലേക്ക് നയിക്കുന്ന ബാങ്കിംഗ് പരിഷ്‌കരണനയം കേന്ദ്രസർക്കാർ തിരുത്താൻ തയ്യാറാകണം.
പരിഷ്‌കാരങ്ങളുടെ ഫലമായി ബാങ്ക് ശാഖകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. അടിസ്ഥാനസൗകര്യങ്ങൾ നൽകാത്തതും യുക്തിസഹമല്ലാത്ത ടാർജറ്റുകളും മുകൾത്തട്ടിൽനിന്നുള്ള അനാവശ്യമായ ഇടപെടലുകളും ഭീഷണിയുമൊക്കെ ജീവനക്കാരുടെ ആത്മധൈര്യത്തെ ചോർത്തിക്കളയുന്നു. ബാങ്കിംഗ് ഇതര ഉത്പന്നങ്ങളുടെ വില്പന നിർത്തലാക്കി ബാങ്കിംഗ് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഇടപെടൽ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരവാഹികളായ കെ.ടി. സുശീൽകുമാർ, എസ്. അനിൽ എന്നിവരും പങ്കെടുത്തു.