പെരുമ്പാവൂർ: അശമന്നൂർ പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് പരിധിയിൽ അടിയന്തരമായി കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററർ തുറക്കണമെന്ന ആവശ്യം ശക്തമായി. പഞ്ചായത്ത് പരിധിയിൽ 87 പേർ ചികിത്സയിലിരിക്കുന്നതിൽ 83 പേരും വീടുകളിലാണ് കഴിയുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ ഇതിൽ പകുതിയോളം രോഗികളുണ്ടായപ്പോഴേ പൂമല കെ.എം.പി കോളേജിൽ സി.എഫ്.എൽ.ടി.സി തുറന്നിരുന്നു. എന്നാൽ ഇപ്പോൾ രോഗം സ്ഥിരീകരിച്ചവർക്ക് ആവശ്യമായ സംരക്ഷണം നൽകാൻ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടൽ നടത്താത്തത് ജനങ്ങൾക്കിടയിൽ പ്രതിഷേധമുയർത്തുന്നു. അടിയന്തരമായി സി.എഫ്.എൽ.ടി.സി പ്രവർത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അശമന്നൂർ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി.