raviachan
പി. രവിയച്ചൻ

പറവൂർ: ചേന്ദമംഗലം പാലിയത്ത് രാമൻ കോമി എന്ന സ്ഥാനപേരുള്ള ‘രാമൻ വലിയച്ചൻ’ ആയി പി. രവിയച്ചൻ (93) ചുമതലയേറ്റു. 41 ക്ഷേത്രങ്ങളുള്ള പാലിയം ഗ്രൂപ്പ് ദേവസ്വം ട്രസ്റ്റിന്റെയും കുടുംബകാര്യങ്ങൾക്കുള്ള പാലിയം ഈശ്വരസേവ ട്രസ്റ്റിന്റെയും ഭരണചുമതല ട്രസ്റ്റിയായ വലിയച്ചനായിരിക്കും. രണ്ട് ട്രസ്റ്റുകളുടെയും മാനേജരായി കൃഷ്ണബാലൻ പാലിയത്തിനെ വലിയച്ചൻ നിയമിച്ചു.

കൊച്ചി ഇളയതമ്പുരാൻ അനിയൻകുട്ടൻ തമ്പുരാന്റെയും പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടേയും മകനായി 1928 ലാണ് രവിയച്ചൻ ജനിച്ചത്. തൃപ്പൂണിത്തുറയിരുന്നു വിദ്യാഭ്യാസം. ചേന്ദമംഗലത്ത് താമസം വിരളമാണെങ്കിലും ‌പഴയകാലത്തെ പാലിയത്തിന്റെ എല്ലാ വിവരങ്ങളും ലളിതമായും സരസമായും രവിയച്ചൻ പറയും. സംസ്കൃതം, മലയാളം ഇംഗ്ലിഷ്, ചരിത്രം, സ്പോർട്സ്, കല എന്നിവയിൽ പാണ്ഡിത്യമുള്ള ഇദ്ദേഹം ശാസ്ത്രവിഷയങ്ങളിലും നിയമത്തിലും ബിരുദം നേടി. ഭാഷയും കലാശാസ്ത്രവും ചരിത്രവും താൽപര്യമുള്ള വിഷയങ്ങളാണ്. ഇംഗ്ലിഷ് ഭാഷയും സാഹിത്യവും പഠിപ്പിച്ചിരുന്നു. ഗവേഷണ വിദ്യാർഥികൾക്ക് പ്രബന്ധങ്ങൾ തയാറാക്കുന്നതിനും വിദേശ വിദ്യാർഥികൾക്ക് ഭാരതീയ കലാപാരമ്പര്യത്തെക്കുറിച്ച് അറിവുകൾ പകരുന്നതിന് മാർഗനിർദേശകനായും പ്രവർത്തിച്ചിട്ടുണ്ട്. പ്രതിഭയുള്ള ക്രിക്കറ്റർ കൂടിയായിരുന്നു പി. രവിയച്ചൻ. 1952 മുതൽ 1970 വരെ കേരളത്തിന് വേണ്ടി 55 രഞ്ജി മത്സരങ്ങൾ കളിച്ചു. 1107 റൺസും 125 വിക്കറ്റും നേടി. ടെന്നിസ്, ബാഡ്മിന്റൻ, ടേബിൾ ടെന്നിസ്, ബോൾ ബാഡ്മിന്റൺ തുടങ്ങി വിവിധ കായിക ഇനങ്ങളിലും നേട്ടങ്ങൾ കരസ്ഥമാക്കിയ രവിയച്ചൻ തൃപ്പൂണിത്തുറയുടെ സാംസ്കാരിക നായകനാണ്. തൃപ്പൂണിത്തുറ കഥകളി കേന്ദ്രം. പൂർണ്ണത്രയീശ സംഗീതസഭ, പൂർണ്ണത്രയീശ സേവാസംഘം, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് എന്നീ സംഘടനകളുടെ അധ്യക്ഷ സ്ഥാനം വഹിച്ചു. ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ്, രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സംഘ ചാലക്, കുരുക്ഷേത്ര പ്രകാശൻ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ദീർഘകാലം ആനന്ദ് പ്രസിന്റെ എഡിറ്റോറിയൽ വിഭാഗത്തിൽ ജോലി ചെയ്തു. ‍

പാലിയം കുടുംബത്തിലെ മുതിർന്ന അംഗത്തിന്റെ സ്ഥാനപ്പേരാണ് ‘വലിയച്ചൻ’. ഇതു രാമൻ, കൃഷ്ണൻ, ഗോവിന്ദൻ എന്നുകൂടി ചേർത്ത് മാറിമാറി വരും. ‘രാമൻ വലിയച്ചൻ’ എന്നാണ് രവിയച്ചൻ അറിയപ്പെടുക. ‘പാലിയത്ത് വലിയമ്മ’ എന്നാണ് തറവാട്ടിലെ മുതിർന്ന വനിതയുടെ സ്ഥാനപ്പേര്. തൃശൂരിൽ താമസിക്കുന്ന പി. സുശീല കുഞ്ഞമ്മയാണ് ഇപ്പോഴത്തെ വലിയമ്മ. പഴയ കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്നത് പാലിയത്തച്ചന്മാരാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഭാഗാധാരമാണ് പാലിയത്തേത്. 1956ലാണ് പാലിയം സ്വത്ത് ഭാഗം വച്ചത്. ആധാരത്തിന് 2436 പേജുകളുണ്ട്. അന്തരിച്ച എം. രാധാദേവി 2013 ലാണ് പാലിയം ചരിത്രം എഴുതിയത്.